തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മണ്ണുനീർ കോരൽ 4ന് നടക്കും. തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ കുടുംബത്തിലുണ്ടായ വാലായ്‌മയെ തുടർന്നാണ് ചടങ്ങുകൾ മാറ്റിയത്. ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് 6ന് തുടക്കമാകും. മണ്ണുനീർകോരലിനുശേഷം ഒരാഴ്ച നടത്തേണ്ട കലശവും മറ്റ് ചടങ്ങുകളും ആറാട്ടിനുശേഷവും 5ന് നടത്തേണ്ട ബ്രഹ്മകലശം ആറാട്ട് കലശത്തിനൊപ്പം പിന്നീടും നടത്തും.
ഉത്സവത്തിന് മുന്നോടിയായി പദ്മതീർത്ഥക്കരയിൽ പഞ്ചപാണ്ഡവ ശില്പങ്ങൾ സ്ഥാപിച്ചു. ആറാട്ടും വിഷുവും ഒരുമിച്ച് വരുന്നതിനാൽ ക്ഷേത്രത്തിൽ പതിവുള്ള വിഷുക്കണി ദർശനം ഇക്കുറി വൈകും. 14ന് പള്ളിവേട്ട കഴിഞ്ഞാൽ വിഗ്രഹങ്ങളെ പള്ളിക്കുറുപ്പ് ദർശനത്തിനായി ഒറ്റക്കൽ മണ്ഡപത്തിലിരുത്തും. 15ന് രാവിലെ 5ന് ശേഷമാണ് പള്ളിക്കുറുപ്പ്. തുടർന്ന് പ്രഭാതപൂജകൾക്കുശേഷം വിഷുക്കണി ദർശനം. 15ന് ആറാട്ട് എഴുന്നള്ളത്തുള്ളതിനാൽ അന്ന് വൈകിട്ട് ദർശനമുണ്ടാകില്ല.