kas

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ മൂന്നിൽ രണ്ട് തസ്തികയിലേക്കും നേരിട്ട് നിയമനം നടത്തണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സെക്രട്ടറിതല സമിതിയുടെ ശുപാർശ .സർക്കാർ ജീവനക്കാർക്കുള്ള നിയമനം മൂന്നിലൊന്നാക്കണം. അടുത്ത പി.എസ്.സി നിയമനം മുതൽ ഇത് ബാധകമാക്കണമെന്നും ശുപാർശയുണ്ട് .

നേരിട്ടുള്ള നിയമനത്തിന്സംവരണം ബാധകമാക്കാൻ നിർദ്ദേശിച്ച സമിതി, സർക്കാർ ജീവനക്കാരുടെ ക്വാട്ടയുടെ കാര്യത്തിൽ ഇക്കാര്യം പറഞ്ഞിട്ടില്ല. നിലവിൽ നേരിട്ടും (പുതിയ നിയമനം) ഗസറ്റഡ് ജീവനക്കാരിൽ നിന്നും നോൺ ഗസറ്റഡ് ജീവനക്കാരിൽ നിന്നും മൂന്നിലൊന്നു വീതവുമാണ് നിയമനം. ശമ്പള കമ്മിഷൻ ശുപാർശ പോലെ മൂന്നിൽ രണ്ട് തസ്തികയിലേക്ക് നേരിട്ട് നിയമനവും സംവരണ വ്യവസ്ഥയും നടപ്പാക്കണമെന്നാണ് ശമ്പള പരിഷ്കരണ കമ്മിഷന്റെയും ശുപാർശ.

ഭരണനടപടികൾ പ്രാഗത്ഭ്യത്തോടെ കൈകാര്യംചെയ്യാൻ പ്രാപ്തരായ മദ്ധ്യതല ഉദ്യോഗസ്ഥരാണ് കെ.എ.എസിൽ വേണ്ടതെന്നും ,മെറിറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷ വഴി ഭൂരിപക്ഷം തസ്തികകളും നികത്തുന്നതാണ് അഭികാമ്യമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട് . ഓൾ ഇന്ത്യ സർവീസിൽ മൂന്നിൽ രണ്ട് തസ്തിക നേരിട്ടും, മൂന്നിലൊന്ന് സ്ഥാനക്കയറ്റം വഴിയുമാണ് നികത്തുന്നത്. .കെ.എ.എസിലേക്ക് മാറ്റിയത് ജീവനക്കാരുടെ പ്രൊമോഷൻ തസ്തികകളാണ്.സമിതിയിൽ ധന, ഭരണ നവീകരണ അഡീഷണൽ ചീഫ് സെക്രട്ടറിമാരും, പൊതുഭരണ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിമാരും അംഗങ്ങളാണ്.

കെ.എ.എസിൽ സർക്കാർ ഉദ്യോഗസ്ഥർക്കു സംവരണം ചെയ്തിട്ടുള്ള മൂന്നിൽ രണ്ട് ഒഴിവുകൾ മൂന്നിലൊന്നായി കുറയ്ക്കാനുള്ള ശുപാർശ സ്വീകരിക്കരുതെന്ന് കേരള എൻ.ജി. ഒ സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.