arrest-amal-s-kumar

മലയിൻകീഴ്: എം.ഡി.എം.എ ശേഖരിച്ച് വില്പന നടത്തിയിരുന്ന കേസിൽ ആറ് പേരെ വിളപ്പിൽശാല പൊലീസ് പിടികൂടി.

എസ്.നന്ദു(18), പള്ളിച്ചൽ തോട്ടിൻകര വിജയഭവനിൽ വി. വിശാഖ് (18,അച്ചു), തിരുമല പ്ലാവിള തച്ചൻവിള പുത്തൻ വീട്ടിൽ എ. ആകാശ് (21,അനന്ദു), കുരിശുമുട്ടം ചീലപ്പാറ ഐശ്വര്യ ഭവനിൽ എസ്.അമൽ.എസ്.കുമാർ (23,കുട്ടു), വട്ടിയൂർക്കാവ് കാച്ചാണി എ.കെ.ജി നഗർ ലക്ഷം വീട് കോളനിയിൽ എസ്.ജിത്തു (25), വിളപ്പിൽ വിട്ടിയം സെന്റ് മേരീസ് സ്കൂളിന് സമീപം കൂവിൻമുഴി വീട്ടിൽ നിന്ന് മുടവൻമുകൾ ടി.സി 49/850-ാം നമ്പർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജെ. ഫെബിൻ (20) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്ന് 2.07 ഗ്രാം എം.ഡി.എ.എ പൊലീസ് പിടിച്ചെടുത്തു.

വിവിധ സ്ഥലങ്ങളിൽ വീട് വാടകയ്ക്കെടുത്ത് ഈ സംഘം മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

പേയാട് തിരുനെല്ലീയൂർ ലൈനിലുള്ള പിറയിൽ ഗൗതം വീട്ടിലാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവിടെ നിരവധി വാഹനങ്ങൾ വന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് പൊലീസ് ആഴ്ചകളായി ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

അമൽ എസ്.കുമാർ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് കാപ്പ പ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നതിനാൽ കാപ്പാ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചു. മറ്റ് പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

വിവിധ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ മറ്റ് പ്രതികളുടെ പേരിലുമുണ്ട്.

കാട്ടാക്കട ഡിവൈ.എസ്.പി പി.പ്രശാന്ത്, വിളപ്പിൽശാല സി.ഐ എൻ.സുരേഷ് കുമാർ, എസ്.ഐ വി.ഗംഗപ്രസാദ്, എ.എസ്.ഐ വിൻസെന്റ്, ബൈജു, സി.പി.ഒമാരായ പ്രദീപ്, പ്രജൂ, അജിൽ, ഷമീർ, ഷിജു, ഡാൻസാഫ് അംഗങ്ങളായ നെവിൻരാജ്,സുനിൽലാൽ സതികുമാർ,വിജേഷ്,ശ്രീനാഥ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ക്യാപ്ഷൻ: കരുതൽ തടങ്കലിലായ അമൽ എസ്.കുമാറും മറ്റ് പ്രതികളും