വിഴിഞ്ഞം: പോക്സോ കേസിലെ സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സെല്ലിനുള്ളിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിനാണ് പ്രശാന്തിനെ വീണ്ടും അറസ്റ്റുചെയ്‌തത്.
സ്റ്റേഷനിലെത്തിയ പ്രതി അസ്വസ്ഥതയുണ്ടെന്നും കിടക്കാൻ സെൽ തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. സെല്ലിനുള്ളിൽ പ്രതി മാലയുടെ ചരട് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. അവശനായ പ്രതിയെ പൊലീസ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ മുറിവേറ്റ പ്രശാന്ത് ആശുപത്രിയിലെ സെല്ലിൽ നിരീക്ഷണത്തിലാണ്.