chair

തിരുവനന്തപുരം: പോർച്ചുഗീസുകാരൻ സഞ്ചാരി വാസ്കോഡ ഗാമ കാലുകുത്തി പ്രശസ്തമായ കോഴിക്കോട് കാപ്പാട് ബീച്ച് സ്നേഹത്തിരകൾ സമ്മാനിക്കാൻ ഭിന്നശേഷിക്കാരെ കാത്തിരിക്കുന്നു. പരിമിതികൾ മറന്ന് കടൽത്തിരയെ തൊടാനും ഉല്ലസിക്കാനുമുള്ള അവസരമാണ് ഭിന്നശേഷിക്കാർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കാപ്പാട് ബീച്ചിൽ നടപ്പാക്കിയ പദ്ധതി സംസ്ഥാനത്തെ ആദ്യത്തേതാണ്. ഫൗണ്ടേഷൻ ഒഫ് എൻവയോൺമെന്റൽ ഇവന്റ്സെന്ന അന്തർദേശീയ സംഘടന ഇന്ത്യയിലെ പത്ത് ബീച്ചുകളിൽ നടപ്പാക്കിയ ബ്ളൂഫ്ളാഗ് പ്രോജക്ടിന്റെ ഭാഗമായാണ് കഴിഞ്ഞ സർക്കാർ കാപ്പാടിനെ തിരഞ്ഞെടുത്തത്.

ഭിന്നശേഷിക്കാർക്ക് വാഹനത്തിൽ നിന്ന് ബീച്ചിലേക്ക് പ്രവേശിക്കാനുള്ള റാമ്പുകൾ,​ കാഴ്ചകൾ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ,​ ഗൈഡുകളുടെ സഹായത്തോടെ ബീച്ചും കടലും കാണാനും തിരയിലിറങ്ങാനും സൗകര്യമുള്ള ചക്രകസേര (ആംഫിബിയസ് ചെയർ)​,​ അന്തർദേശീയ നിലവാരത്തോടെയുള്ള ടോയ്ലറ്ര് എന്നിവയാണ് കാപ്പാട് ബീച്ചിലുള്ളത്. പ്രവേന ഫീസല്ലാതെ മറ്റ് ചെലവുകളില്ലാത്തതിനാൽ ഭിന്നശേഷിക്കാരായ ധാരാളം പേർ കാപ്പാട്ടെത്തുന്നുണ്ട്.

സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായ കാപ്പാട്ടെ ഭിന്നശേഷി സൗഹൃദക്കാഴ്ചകളറിഞ്ഞ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ബീച്ചിലെത്തി. തുടർന്ന് സംസ്ഥാനത്തെ കൂടുതൽ ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.

 ആംഫിബിയസ് ചെയർ

അംഗ പരിമിതർക്ക് വീൽചെയറിലെന്നപോലെ ഇരിക്കാനുംചാരിക്കിടക്കാനും സൗകര്യമുള്ള ചക്രകസേര. ഭാരക്കുറവാണെങ്കിലും ഫൈബറിൽ ബലിഷ്ടമായാണ് നിർമ്മാണം. വെള്ളത്തിൽ ബോയ പോലെ പൊന്തി നിൽക്കുന്നതിനാൽ തിരയിൽപ്പെട്ടാലും പ്രശ്നമില്ല. ലൈഫ് ഗാർഡുകളാകും ആംഫിബിയസ് ചെയർ ഓപ്പറേറ്റ് ചെയ്യുക. ഭിന്നശേഷിക്കാരനെ ചെയറിലിരുത്തി തീരത്തും തിരയിലും ഉരുട്ടികൊണ്ടു നടന്ന് കാഴ്ചകൾ ആസ്വദിപ്പിക്കും. വീതികൂടിയ ചക്രങ്ങളുള്ളതിനാൽ ചെയർ മണ്ണിൽ പുതയില്ല.

ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാകാൻ

1. വാഹനത്തിൽ നിന്നിറങ്ങാനും ബീച്ചിലേക്ക് പ്രവേശിക്കാനും റാമ്പ്

2. ഭിന്നശേഷി സൗഹൃദമായ വാഷ് റൂം,​ ടോയ്ലറ്റ് സൗകര്യം

3. സെൽഫിയെടുക്കാനും മഴയും വെയിലുമേൽക്കാതെ കടൽകാണാനുമുള്ള സൗകര്യം.

4. ഇരിപ്പിടം, കഫറ്റേരിയ,​ കാന്റീൻ സൗകര്യം. (സൗകര്യങ്ങൾക്കൊന്നും പ്രത്യേക ഫീസില്ല)​.

'ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മേയ് 20ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ബീച്ചുകളുൾപ്പെടെ കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിലേക്ക് പരിമിതികൾ മറികടന്ന് എല്ലാവിഭാഗളെയും എത്തിക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം".

- പി.എ. മുഹമ്മദ് റിയാസ്

ടൂറിസം,​ പൊതുമരാമത്ത് വകുപ്പ് മന്ത്രി