
കല്ലമ്പലം:കെ - റെയിൽ കടന്നുപോകുന്ന മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ചാത്തമ്പറ പറങ്കിമാംവിളയിലെ വീടുകൾ എം.എൽ.എമാർ ഉൾപ്പെടുന്ന സംഘം സന്ദർശിച്ചു. സി.പി.എം നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നു സന്ദർശനം.വസ്തു ഉടമകളുടെ ആശങ്കകൾ അകറ്റുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമിക്ക് ലഭിക്കുന്ന ഉയർന്ന നഷ്ട പരിഹാരം വസ്തു ഉടമകളെ ബോദ്ധ്യപ്പെടുത്തി.സിൽവർ ലൈൻ വരുന്നതോടെ നിലവിലെ ഇട റോഡുകൾ തടസപ്പെടുന്നതും ബാക്കി ഭൂമിയുടെ ഉപയോഗത്തിലെ നിയന്ത്രണങ്ങളും ഉൾപ്പെടെ വസ്തു ഉടമകൾ ചൂണ്ടിക്കാട്ടി.എന്നാൽ ഇതെല്ലാം തെറ്റിദ്ധാരണകളാണെന്നും ഇട റോഡുകൾ അടയ്ക്കില്ലെന്നും ജനപ്രതിനിധികൾ വിശദീകരിച്ചു.എം.എൽ.എമാരായ ഒ.എസ് അംബിക, അഡ്വ.വി.ജോയി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.എസ്.ഷാജഹാൻ,വർക്കല ഏരിയ സെക്രട്ടറി എം.കെ യൂസുഫ്,മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ, മണമ്പൂർ എൽ.സി സെക്രട്ടറി അഡ്വ.മുഹമ്മദ് റിയാസ്, ബ്രാഞ്ച് സെക്രട്ടറി നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് വീടുകൾ സന്ദർശിച്ചത്.