
അഞ്ച് അപ്പവും മുട്ടക്കറിയും ഉൾപ്പെടുന്ന പ്രഭാത ഭക്ഷണത്തിന് 184 രൂപ ഈടാക്കിയ കണിച്ചുകുളങ്ങരയിലെ സാധാരണ ഹോട്ടലിനെതിരെ ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ ജില്ലാ കളക്ടർക്കു പരാതി നൽകിയെന്ന വാർത്ത കൗതുകത്തിനപ്പുറം വർത്തമാന യാഥാർത്ഥ്യങ്ങളാണ് തുറന്നുകാട്ടുന്നത്. വിലക്കയറ്റമെന്ന മഹാവ്യാധിയിൽപ്പെട്ട് ജനം നട്ടംതിരിയുകയാണ്. ഖജനാവ് നിറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ യാതൊരു കരുണയും കാണിക്കാതെയാണ് പുതിയ നികുതികളും ഫീസും അടിച്ചേല്പിക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും ഇവിടെ ഇന്ധനവില അനുദിനം കയറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി അവശ്യസാധനങ്ങളുൾപ്പെടെ സർവതിനും ഉയർന്ന വില നൽകേണ്ടിവരുന്നു.
കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഈ വക പ്രശ്നങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ല. തട്ടുകട മുതൽ വലിയ ഹോട്ടൽ വരെ ഇന്ധന വിലവർദ്ധനയുടെ ആഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ചയും വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് വിലയിൽ എണ്ണക്കമ്പനികൾ 256 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ മാസം കൂടിയത് 106 രൂപയാണ്. പതിനാറു മാസത്തിനിടെ വാണിജ്യ സിലിണ്ടറുകൾക്ക് 904 രൂപയുടെ വർദ്ധന നടപ്പാക്കിയപ്പോൾ സാധാരണ ഭക്ഷ്യശാലകൾ നേരിടുന്ന കടുത്ത പ്രതിസന്‌ധി മനസിലാക്കാം. ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയാണ് ഹോട്ടലുകൾ ഇന്ധന വിലക്കയറ്റം നേരിടുന്നത്. ഇതിനിടയിലും സന്ദർഭം മുതലാക്കി അമിതലാഭം കൊയ്യാൻ ശ്രമിക്കുന്നവരുമുണ്ട്.സി.പി.എം എം.എൽ.എ ചിത്തരഞ്ജന്റെ പരാതി അതിനുള്ള തെളിവാണ്.
അവശ്യസാധന വില നിയന്ത്രണം സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽപ്പെടുന്ന കാര്യമാണ്. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള നികുതി - സേവന നിരക്കുകൾ സംസ്ഥാന സർക്കാരും ഓരോ വർഷവും കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്ധന വിലക്കയറ്റത്തിനെതിരെ സംസ്ഥാന സർക്കാരും അതിശക്തമായി പ്രതിഷേധിക്കാറുണ്ട്. അതേസമയം അതിന്റെ മറവിൽ നിക്ഷിപ്ത താത്‌പര്യക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ നടപടിയെടുക്കുന്നതിൽ വിമുഖത കാണിക്കുകയാണ്. ഇന്ധനവില കൂടുമ്പോൾ അതിന്റെ പ്രതിഫലനം കുറെയൊക്കെ വിപണികളിലും പ്രതിഫലിക്കും. ആ യാഥാർത്ഥ്യം അംഗീകരിക്കാവുന്നതുമാണ്. കടകളിലും ഭക്ഷണശാലകളിലും വില അമിതമായി ഉയരുന്നുണ്ടോ എന്ന് നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്തണം. ഹോട്ടലുകൾക്ക് ന്യായവിലയ്ക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കാനുള്ള സംവിധാനവും വേണം. ഭക്ഷ്യവകുപ്പിന് ഈ രംഗത്ത് ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വിശേഷാവസരങ്ങളിൽ നഗരകേന്ദ്രീകൃതമയി ചന്തകൾ തുറക്കുന്നതിനൊപ്പം എല്ലാ ഭാഗങ്ങളിലും സപ്ളൈകോ ശാലകൾ വർഷം മുഴുവൻ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയണം. വിലക്കയറ്റ ഭീഷണിയിൽ നിന്ന് സാധാരണ ജനങ്ങളെ ഒരു പരിധി വരെ രക്ഷിക്കാൻ ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കും.
ഭക്ഷണശാലകളിൽ ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കയറ്റത്തെക്കുറിച്ച് സംസ്ഥാന വ്യാപകമായി പരാതികൾ ഉയരാൻ തുടങ്ങിയ സ്ഥിതിക്ക് സർക്കാർ ഹോട്ടലുടമകളുടെ സംഘടനാ നേതാക്കളെ വിളിച്ചുകൂട്ടി ചർച്ച നടത്തേണ്ടിയിരിക്കുന്നു. പാചകവാതകം ഉൾപ്പെടെയുള്ളവയ്ക്ക് വില കൂട്ടിയതിൽ ഹോട്ടലുകളുടെ പ്രവർത്തനച്ചെലവും കൂടിയിട്ടുണ്ട്. അതിന് ആനുപാതികമായിട്ടേ ഭക്ഷ്യസാധനങ്ങൾക്ക് വില പുതുക്കാവൂ എന്ന് സർക്കാർ നിബന്ധന വയ്ക്കണം. സർക്കാർ മുന്നിട്ടിറങ്ങി സ്വീകരിക്കുന്ന ആശ്വാസ നടപടികളെ ആശ്രയിച്ചാണ് സാധാരണ ജനങ്ങളുടെ നിത്യജീവിതം. വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് ജനത്തെ രക്ഷിക്കാനുള്ള കടമ സർക്കാർ ഏറ്റെടുക്കുകതന്നെ വേണം.