തിരുവനന്തപുരം:കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ ഗോപുരങ്ങളുടെ കുംഭാഭിഷേകവും ഉത്സവവും ആറ് മുതൽ 13 വരെ നടക്കും. ക്ഷേത്രത്തിന്റെ തെക്ക്,പടിഞ്ഞാറ്, വടക്ക് എന്നീ വശങ്ങളിൽ പുതിയതായി നിർമ്മിച്ച മൂന്ന് നിലകളുള്ള അലങ്കാരഗോപുരങ്ങളുടെയും നവീകരിച്ച കിഴക്കേ രാജഗോപുരത്തിന്റെയും ചുറ്റുമണ്ഡപം, പുതിയ തിടപ്പള്ളി തുടങ്ങിയവയുടെ സമർപ്പണവും ക്ഷേത്രഗോപുരങ്ങളുടെ മഹാകുംഭാഭിഷേകവും 5ന് വൈകിട്ട് തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും.6ന് വൈകിട്ട് 6.30 മുതൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വാദ്യവിസ്‌മയം ഉണ്ടായിരിക്കും.7ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കരിക്കകത്തമ്മ പുരസ്‌കാരം കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് മന്ത്രി നൽകും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രശസ്തിപത്രം സമർപ്പിക്കും.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സിനിമാതാരം കൃഷ്‌ണകുമാർ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുക്കും.ക്ഷേത്രഗോപുര ശില്പി ആർ.സംഗമേശ്വരനെ ചടങ്ങിൽ ആദരിക്കും.സിനിമാതാരം ശ്വേതാ മേനോൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.12ന് രാവിലെ 8.40 മുതൽ ദേവിയുടെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളത്ത്. 6 മുതൽ 10വരെ രാവിലെ 11 മുതൽ 2 വരെ വരെ അന്നദാനസദ്യയുണ്ടാകും.
പൊങ്കാല 13ന്
13ന് രാവിലെ 9.40ന് ക്ഷേത്ര തന്ത്രി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും.ഉച്ചയ്‌ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുക. ഭക്തർക്ക് സുഗമമായി പൊങ്കാലയിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ പ്രസിഡന്റ് എം.വിക്രമൻ നായർ,സെക്രട്ടറി എം. ഭാർഗവൻ നായർ, ട്രഷറർ വി.എസ്. മണികണ്ഠൻ നായർ, വൈസ് പ്രസിഡന്റ് ജെ. ശങ്കരദാസൻ നായർ, ജോയിന്റ് സെക്രട്ടറി പി. ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കലാപരിപാടികൾ രണ്ട് സ്‌റ്റേജുകളിൽ
രണ്ട് സ്‌റ്റേജുകളിലായി ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ആദ്യദിനമായ 6ന് രാത്രി 8.30 മുതൽ നൃത്താർച്ചന,7ന് പുലർച്ചെ 5ന് ഭജന,വൈകിട്ട് 6.45ന് തിരുവാതിര, 7.15ന് ദുര്യോധനവധം കഥകളി. പ്രധാനവേദിയായ സ്‌റ്റേജ് രണ്ടിൽ വൈകിട്ട് ആറിന് കരിക്കകത്തമ്മ പുരസ്‌കാര സമർപ്പണം. പ്രധാന വേദിയിൽ 8ന് വൈകിട്ട് 7 മുതൽ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ മ്യൂസിക്, രാത്രി 9ന് ഫ്ളവേഴ്‌സ് കോമഡി ഉത്സവം താരങ്ങൾ നയിക്കുന്ന കോമഡി ഷോ, 9ന് വൈകിട്ട് 4 മുതൽ മുതൽ ചാമുണ്ഡി കലാപീഠം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വാദ്യമേളങ്ങളും കലാപരിപാടികളും.രാത്രി 9.15 മുതൽ ഗാനമേള. 10ന് രാത്രി 7.15 മുതൽ സിനിമ സീരിയൽ താരം ഇന്ദുലേഖയും സംഘവും നയിക്കുന്ന നൃത്താർച്ചന, രാത്രി 9ന് പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ഗാനമേള.11ന് രാത്രി 8 മുതൽ നൃത്തം,9.30ന് ഗാനമേള.12ന് രാത്രി 7ന് നാട്യക്കച്ചേരി, 9ന് ടോപ്പ് സിംഗേഴ്‌സ് താരങ്ങളുടെ ഗാനമേള.13ന് പൊങ്കാല ആരംഭിക്കുന്ന സമയം ക്ഷേത്രനടപ്പന്തലിൽ 60ൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം,രാത്രി 7 മുതൽ നൃത്തസന്ധ്യ.