കല്ലമ്പലം: തൊഴിൽ, കാർഷിക മേഖലകൾക്ക് പ്രാധാന്യം നൽകി മണമ്പൂർ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്. 36,23,07854 രൂപ വരവും 36,00,27000 രൂപ ചെലവും 22,80854 രൂപ മിച്ചവുമുള്ളതാണ് 2022 -23 സാമ്പത്തിക വർഷത്തേക്ക് വൈസ് പ്രസിഡന്റ് ലിസി വി.തമ്പി അവതരിപ്പിച്ച ബഡ്ജറ്റ്. പ്രസിഡന്റ് എ.നഹാസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി, ആരോഗ്യം, സമ്പൂർണ്ണ ഭവന നിർമ്മാണം, വിദ്യാഭ്യാസം, ഉത്പാദനം, തൊഴിൽ സദ്‌ഭരണം എന്നീ മേഖലകൾക്ക് മുൻഗണന നൽകുന്നതാണ് ബഡ്ജറ്റ്. ഭവന നിർമ്മാണത്തിന് മൂന്നര കോടി രൂപയും ഉത്പാദന മേഖലയ്ക്ക് ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപയും കൃഷിക്ക് അമ്പത്തി രണ്ട് ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് മുപ്പത് ലക്ഷവും ശുചിത്വ - മാലിന്യ സംസ്കരണത്തിന് ഇരുപത് ലക്ഷവും തൊഴിൽ മേഖലയ്ക്ക് പതിനെട്ട് കോടിയും സദ്‌ഭരണത്തിന് പത്ത് ലക്ഷവും വിദ്യാഭ്യാസ മേഖലയ്ക്ക് ഇരുപത്തി മൂന്ന് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അതിദരിദ്രരുടെ ഉന്നമനത്തിനായി പത്ത് ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ബഡ്ജറ്റിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉചിതമായ രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് എ. നഹാസ് അറിയിച്ചു.