കാട്ടാക്കട: കോട്ടൂർ കാപ്പുകാട്ടേയ്ക്ക് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവ്വീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നിരവധി സർവീസുകളാണ് തച്ചൻകോട് വഴി വ്ളാവെട്ടിയിലേക്കും കാപ്പുകാട്ടേക്കും ഉണ്ടായിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയതിന് ശേഷവും ഈ സർവീസുകൾ ആരംഭിക്കാൻ ഡിപ്പോ അധികൃതർ തയ്യാറായിട്ടില്ല. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി നിരവധി തവണ അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വൈകുന്നേരം 4.30ന് കാട്ടാക്കട നിന്നുള്ള തച്ചൻകോട് കാപ്പുകാട് ബസ്സും വൈകിട്ട് 6.45ന് കാട്ടാക്കടയിൽ നിന്നുള്ള തച്ചൻകോട് വ്ളാവെട്ടി ബസ്സും രാവിലെ 5.20ന് കാട്ടാക്കട നിന്നും കാപ്പുകാട്ടേക്കും തിരിച്ച്, ആറുമണിക്ക് കാപ്പുകാട് നിന്നും തച്ചൻകോട് വഴി കാട്ടാക്കട തിരുവനന്തപുരം ബസ്സും ഉണ്ടായിരുന്നതാണ്. ഇവ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഇതിൽ 4. 30നും വൈകുന്നേരം 6. 45 നും ഉള്ള 2 ട്രിപ്പെങ്കിലും അടിയന്തരമായി ആരംഭിക്കാൻ കാട്ടാക്കട ഡിപ്പോ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.