anumoodanam

മുടപുരം: വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയോടെ അറിവ് നേടി മുന്നോട്ട് പോകണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്. പഞ്ചാപകേശൻ അഭിപ്രായപെട്ടു. അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനവും ഉപഹാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും അഴൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്നും ആദ്യമായി ചാർട്ടേഡ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷ വിജയിച്ച ദേവിക ജയനും അനുമോദനം നൽകി. സ്കൂൾ പ്രിൻസിപ്പൽ സലീന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, സംസ്കൃതി രക്ഷാധികാരി വിശ്വനാഥൻ ചെട്ടിയാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്കൃതി പ്രസിഡന്റ് വിജു. ടി. സ്വാഗതവും സെക്രട്ടറി എം. സുരേഷ് ബാബു കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്കൃതി ഉപദേശകസമിതി അംഗം ബിജു കാർത്തിക, പി.ടി.എ പ്രസിഡന്റ് നിസാർ, എസ്.എം.സി ചെയർപേഴ്സൺ പ്രഭാ സോണി, സുനിൽ പെരുങ്ങുഴി എന്നിവർ പങ്കെടുത്തു.