തിരുവനന്തപുരം: ഭൂരഹിത - ഭവന രഹിതർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വില്ലകൾ നിർമ്മിച്ചു നൽകാനുള്ള ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമായി വില്ല നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്ഥലം വാങ്ങുകയും ചെയ്തു. മുദാക്കൽ പഞ്ചായത്തിലെ 94 സെന്റ് വസ്തുവിലാണ് ഭൂരഹിത കുടുംബങ്ങൾക്ക് വില്ലകൾ ഉയരുന്നത്.1 കോടി 5 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റിൽ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതി യഥാർത്ഥ്യമാകുന്നതോടെ മുപ്പതോളം കുടുംബങ്ങൾക്ക് വില്ലകളാകും. കൂടാതെ കുട്ടികൾക്കായി പാർക്ക്, അങ്കണവാടി, ഗ്രന്ഥശാല, വില്ലകളിലേക്ക് മികച്ച റോഡുകൾ എന്നിവ നിർമ്മിക്കുകയും കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അറിയിച്ചു. ഒപ്പം ആയിരത്തിൽ 5 പേർക്കെന്ന കണക്കിൽ സ്ഥിരം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും പഞ്ചായത്ത് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിനായി ബഡ്ജറ്റിൽ തുക മാറ്റിവച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.