photo

വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാവുക പതിവാണ്. ലഭ്യമായിട്ടുള്ള ജല സ്രോതസുകളും ശുദ്ധജലവും പരമാവധി കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയാൽ വേനൽക്കാല ജലപ്രതിസന്ധി പരിഹരിക്കാവുന്നതാണ്. അടുക്കള മുതൽ തുടങ്ങി പാടത്തും പറമ്പിലുമെല്ലാം ജലം പരമാവധി സംരക്ഷിക്കണം.

അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന സിങ്കിൽ തുടർച്ചയായി ടാപ്പ് തുറന്നിട്ടാൽ ഓരോ മിനിട്ടിലും 20 ലിറ്റർ വെള്ളം നഷ്ടമാവും. വലിയ പാത്രങ്ങളിൽ വെള്ളം എടുത്തുവച്ച് മറ്റുള്ളവ വൃത്തിയാക്കുന്ന രീതി പ്രയോഗിച്ചാൽ ധാരാളം ജലം ലാഭിക്കാനാവും. അഴുക്ക്, എണ്ണമെഴുക്ക് എന്നിവ കുറച്ച് വെള്ളത്തിൽ കഴുകിയശേഷം വൃത്തിയാക്കുന്ന രീതി നല്ലതാണ്. ബാത്ത് റൂമിൽ ഷവർ കുറച്ചുസമയം ഉപയോഗിച്ചാൽ പോലും 20 ലിറ്റർ വെള്ളം നഷ്ടമാവും. കുളിക്കാൻ കപ്പും ബക്കറ്റും ഉപയോഗിക്കുന്ന രീതി പിന്തുടരാവുന്നതാണ്. പല്ല് തേയ്ക്കാൻ തുടർച്ചയായി അഞ്ച് മിനിട്ട് ടാപ്പ് തുറന്നിട്ടാൽ 45 ലിറ്റർ വെള്ളമാണ് ഒഴുകിപോകുന്നത്. മഗ്ഗിൽ വെള്ളമെടുത്തുപയോഗിക്കുന്ന ശീലം നല്ലതാണ്. ലാട്രിനിലെ ഫ്ളഷ് സിസ്റ്റം 12 മുതൽ 20 ലിറ്റർവരെ വെള്ളം ഉൾക്കൊള്ളും. അവയിൽ കട്ടിയുള്ള തടി, കല്ല് എന്നിവ ചെറുതായി ഇട്ടാൽ ഫ്ളഷ് ടാങ്കിന്റെ ശേഷി കുറയ്ക്കാവുന്നതാണ്.

തറ കഴുകുവാനും മറ്റും ഹോസ് ഉപയോഗിക്കുന്നതിനുപകരമായി ബക്കറ്റിൽ വെള്ളമെടുത്ത് മഗ്ഗുപയോഗിച്ചാൽ ധാരാളം ജലം ലാഭിക്കാനാവും. പൂന്തോട്ടം, ചെടികൾ എന്നിവ അതിരാവിലെയോ സന്ധ്യയോടടുത്ത സമയങ്ങളിലോ മാത്രം നനച്ചാൽ ധാരാളം ജലം ലാഭിക്കാനാവും. വാഹനങ്ങൾ കഴുകുവാൻ ഹോസ് ഉപയോഗിക്കരുത്.

``ഒരു സെക്കൻഡിൽ ഒരു തുള്ളി ശുദ്ധജലം എന്ന രീതിയിൽ നഷ്ടമായാലും ഒരുവർഷം 45,000 ലിറ്ററാണ് ഇല്ലാതാകുന്നത്. ഇവ ഒരാളിന് 15 മാസത്തേക്കുള്ള കുടിവെള്ളമാണെന്ന ഒാർമ്മ നമുക്കുണ്ടാവണം.''
മുറ്റങ്ങൾ സിമന്റിടുന്നത് പരമാവധി ഒഴിവാക്കുക. നിലവിൽ അങ്ങനെ ചെയ്തിട്ടുള്ളയിടങ്ങളിൽ ഒരു മീറ്റർ വിസ്തൃതിയിലുള്ള സ്ഥലമെങ്കിലും സിമന്റ് മാറ്റി മഴയെ ഭൂമിയിലേക്ക് കടത്തിവിടാവുന്നതാണ്. ചെറിയ ഗ്രില്ലറകൾ നിർമ്മിച്ചും ഭൂമിക്കടിയിലേക്ക് മഴയെ കടത്തിവിടാം.

ഓ ട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഉപയോഗം പരമാവധി കുറയ്ക്കുന്നതും നല്ലതാണ്. ചെറുതെങ്കിലും വേനൽമഴ ലഭിക്കുന്നുണ്ട്. ഇവയെ പരമാവധി പെയ്ത് വീഴുന്നിടത്തുതന്നെ താഴ്‌ത്തുവാനായുള്ള ശ്രമങ്ങളാവശ്യമാണ്. നീർക്കുഴികൾ, ട്രഞ്ചുകൾ എന്നിവ പറമ്പുകളിൽ തയ്യാറാക്കാവുന്നതാണ്. പറമ്പുകളിൽ മൺകൂനകൾ തീർക്കുന്നതും നല്ലതുതന്നെ. ചെമ്പരത്തി, സുബാബുൾ, ശീമക്കൊന്ന, മറ്റു ചെടികൾ എന്നിവയുടെ ഇലകളും തെങ്ങോലകളും മണ്ണിൽ പരത്തിവിരിച്ച് പുതയിടുന്നത് ബാഷ്പീകരണം കുറച്ച് ജലനഷ്ടം ഒഴിവാക്കും. അതുപോലെ വരുന്ന മഴയെ പരമാവധി ശേഖരിക്കുവാനും മണ്ണിലേക്കിറക്കാനും ഈ രീതി നല്ലതാണ്. ചെറിയ തോടുകൾ, ചാലുകൾ എന്നിവിടങ്ങളിൽ പാഴ്‌ത്തടികൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് താത്കാലിക തടയണകൾ തീർക്കുന്നത് നീരൊഴുക്കിന്റെ വേഗത കുറയ്ക്കുന്നതാണ്.

1.2 മീറ്റർ നീളവും 0.70 മീറ്റർ വീതിയും 0.50 മീറ്റർ താഴ്ചയുമുള്ള ഒരു നീർക്കുഴിയിൽ ശരാശരി 500 മീറ്റർ മഴവെള്ളം ഓരോ മഴയത്തും നിറയുന്നതാണ്. ഒരിക്കൽ നിറയുന്നത് മണ്ണിൽ താഴുന്ന മുറയ്ക്ക് വീണ്ടും തുടർച്ചയായി വെള്ളം നിറയുന്നതാണ്. വേനൽമഴയെ പരമാവധി തുറന്ന കിണറുകളിലേക്ക് നിറയ്ക്കാവുന്നതാണ്. പി.വി.സി പൈപ്പുകൾ, മണൽ, മെറ്റൽ, ചിരട്ടക്കരി എന്നിവ നിറച്ച അരിപ്പകൾ എന്നിവയുടെ സഹായത്താൽ മഴവെള്ളത്തെ കിണറുകളിലേക്ക് കടത്തിവിടാൻ കഴിയും. കിണറുകൾക്ക് സമീപം 5 മുതൽ 10 മീറ്റർ വരെ മാറി നീർക്കുഴികൾ എടുത്തിടുന്നതും നല്ല മാർഗമാണ്. അത്തരം കുഴികൾക്ക് അരിപ്പ വേണ്ട . മണ്ണിലൂടെ അരിച്ച് വെള്ളം കിണറുകളിൽ നിറയുന്നതാണ്.

ഒരാൾ ഒരുദിവസം തന്റെ ശീലങ്ങൾകൊണ്ട് രണ്ടുലിറ്റർ ശുദ്ധജലം സംരക്ഷിച്ചാൽ കേരളത്തിലാകെ ശരാശരി ആറ് കോടി ലിറ്റർ ജലം സംരക്ഷിക്കാനാവുമെന്ന കണക്ക് നാം തിരിച്ചറിയണം.

മനുഷ്യർക്കെന്നപോലെ പക്ഷിമൃഗാദികൾക്കും ജലമാവശ്യമാണ്. വീടുകളുടെ പുറത്ത് ചെറിയ പാത്രങ്ങളിൽ വെള്ളം വയ്ക്കുന്നത് പക്ഷികൾക്ക് ദാഹമകറ്റാൻ സഹായകമാണ്.