നെയ്യാറ്റിൻകര: ഓട്ടോ സ്റ്റാൻഡിൽ പൂന്തോട്ടവും പച്ചക്കറിക്കൃഷിയും ഒരുക്കി വ്യത്യസ്‌തമാവുകയാണ് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. വരുമാനത്തിന്റെ നല്ലൊരു വിഹിതം മാറ്റിവച്ച് കൊവിഡ് കാലത്ത് തുടങ്ങിയതാണ് നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്‌സ് കെട്ടിടത്തിന് മുന്നിലെ കൃഷി. വാഴകൃഷി മുതൽ ഫാഷൻ ഫ്രൂട്ട് വരെ ഇവിടെയുണ്ട്. ഇരുപതിലേറെ പച്ചക്കറിയിനങ്ങളും ഇതിലുൾപ്പെടും. അലങ്കാര പൂച്ചെടികളും ചീരയും വരെ ഓട്ടോ ഡ്രൈവർമാരുടെ തോട്ടത്തിലുണ്ട്. 75ലേറെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് ഈ കൃഷിത്തോട്ടമെന്ന് ഇവർ പറയുന്നു.
രാവിലെ എത്തുന്നവർ ആദ്യ ഓട്ടം ഓടുന്നതിന് മുൻപ് കൃഷിത്തോട്ടത്തിലെത്തി വെള്ളമൊഴിക്കും. വൈകിട്ടും കൃത്യമായി വെള്ളമൊഴിക്കും. അക്ഷയാ കോംപ്ലക്‌സ് വളപ്പിൽ പ്ലാവും മാവുമുൾപ്പെടെ ഇവർ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറികളുടെ വരുമാനം ഓട്ടോ ഡ്രൈവർമാരുടെ ക്ഷേമ പ്രവർത്തനത്തിനായാണ് വിനിയോഗിക്കുന്നത്.വിളഞ്ഞ് നിൽക്കുന്ന പച്ചക്കറികൾ കണ്ട് പലരും പച്ചക്കറികൾ ആവശ്യപ്പെടാറുണ്ട്.
ഉറങ്ങിയാൽ മണിയടിച്ച് വിളിക്കും
ഓട്ടം പോകുന്നതിനും സ്റ്റാൻഡിൽ കൃത്യമായ മാനദണ്ഡമുണ്ട്. ആദ്യമെത്തുന്ന ഡ്രൈവർമാർ ഓട്ടം പോയതിന് ശേഷമെ മറ്റുള്ളവർക്ക് അവസരമുള്ളൂ. ഓട്ടോ സ്റ്റാൻഡിൽ ഇതിനായി മണി കെട്ടിതൂക്കിയിട്ടിട്ടുണ്ട്. പുറകിൽ കിടക്കുന്ന ഡ്രൈവർമാരെ ഓട്ടം വിളിക്കാനെത്തിയാൽ മുന്നിൽ കിടക്കുന്നവരെ മണിയടിച്ച് വിളിച്ച് വരുത്തും. ഇതിനായി നീളത്തിൽ കയർ കെട്ടിയിട്ടുണ്ട്.