വെള്ളറട: പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് അമ്പൂരിയിൽ തിങ്കളാഴ്ച ഹർത്താൽ നടത്താൻ സർവകക്ഷി യോഗം തീരുമാനിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് അമ്പൂരി പഞ്ചായത്ത് പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് നെയ്യാർ പേപ്പാറ വന്യജീവി സങ്കേതത്തിലെ കൂടുതൽ പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തി കരട് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തിൽ കഴിഞ്ഞദിവസം അമ്പൂരിയിൽ സർവകക്ഷി യോഗം സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു അദ്ധ്യക്ഷത വഹിച്ചു. ഈ യോഗത്തിലാണ് ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും തിങ്കളാഴ്ച ഹർത്താൽ നടത്താനും തീരുമാനമായത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ രക്ഷാധികാരിയായും പഞ്ചായത് പ്രസിഡന്റ് വത്സല രാജു ചെയർമാനായും വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി കൺവീനറുമായുള്ള കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അമ്പൂരി പഞ്ചായത്തിലെ പത്ത് വാർഡുകളാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. അമ്പൂരിയിലെ ആദിവാസി മേഖലയും ഇതിൽപ്പെടും. അമ്പൂരി വാഴിച്ചൽ വില്ലേജുകളിൽ ഉൾപ്പെട്ട 52.036 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കണമെന്നാണ് 2020ൽ വനം വകുപ്പ് ശുപാർശ ചെയ്തിരുന്നത്. 2021ൽ ഇത് പിൻവലിച്ചു. പിന്നീട് നെയ്യാർ വന്യജീവി സങ്കേതം പൂ‌ർണ്ണമായും ഒഴിവാക്കിയുള്ള ശുപാ‌ശ നൽകിയിരുന്നു. ജനവാസ മേഖലയെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ചുള്ള നിയമം വരണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.