വർക്കല: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചാവർകോട് എ.ടി.എമ്മിൽ നിന്ന് കിട്ടിയ 10000 രൂപ ബാങ്കിൽ ഏല്പിച്ച് തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൽ.രാധാകൃഷ്ണൻ മാതൃക കാണിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെ പണമെടുക്കാനായി എ.ടി.എമ്മിൽ ചെല്ലുമ്പോൾ 500 രൂപയുടെ 20 നോട്ടുകൾ മെഷീന്റെ പുറത്തേക്ക് വന്നു നിൽക്കുന്നത് കാണുകയും പണമെടുക്കാനെത്തിയ മറ്റുള്ളവരുടെ മുമ്പിൽ വച്ച് തുക എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിന്റെ ചാവർകോട് ശാഖയിൽ ഏല്പിച്ച് രസീത് വാങ്ങുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുള്ളവർ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്ന് രാധാകൃഷ്ണൻ അറിയിച്ചു.