
പദ്ധതിക്ക് അനുകൂലമായി ദമ്പതികളുടെ മുദ്രാവാക്യം വിളി
പോത്തൻകോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ വീടുകൾ കയറി കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ പ്രതിരോധ പദയാത്രയ്‌ക്കിടെ നാടകീയ രംഗങ്ങൾ. പദയാത്ര സി.പി.എം വാർഡായ കഴക്കൂട്ടം വാർഡിലെ കൗൺസിലർ എൽ.എസ്. കവിതയുടെ വീട്ടിലെത്തിയപ്പോൾ സിൽവർ ലൈനിനും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി കവിതയുടെ അമ്മ ലീലാകുമാരിയും പിതാവ് ശിവരാജനും മുദ്രാവാക്യം വിളിക്കുകയായിരുന്നു. വീട്ടിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'രണ്ട് പെൺമക്കളുടെ അമ്മയാണ് ഞാൻ. പദ്ധതിക്കായി ഭൂമി വിട്ടുനൽകും. ഞങ്ങൾക്ക് ഒരു രൂപപോലും വേണ്ട. ഞങ്ങൾ സർക്കാരിന്റെ വികസന പദ്ധതിക്കൊപ്പമാണ്." - ലീല പറഞ്ഞു. എന്നാൽ, ഇതിന് മറുപടിയായി ഇങ്ങോട്ടൊന്നും കേൾക്കണ്ട, അങ്ങോട്ടു പറയുന്നത് മാത്രം കേട്ടാൽ മതിയെന്ന രീതിയാണ് സി.പി.എമ്മിനെന്ന് പറഞ്ഞ് മുരളീധരൻ പ്രതിരോധിച്ചു. ഇഷ്ടംപോലെ ഭൂമിയുണ്ടെങ്കിൽ നിങ്ങൾക്ക് വിട്ടുകൊടുക്കാമെന്ന് പറഞ്ഞശേഷം അദ്ദേഹം അവിടെ നിന്ന് മടങ്ങി. പാർട്ടി നിലപാടിനെതിരായ മറുപടി സി.പി.എം കൗൺസിലറുടെ വീട്ടിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല പോയതെന്ന് വി. മുരളീധരൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ സംഭവം പ്രദേശത്തെ ഒരുവിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടാൻ കൂട്ടുനിൽക്കുന്ന കൗൺസിലറെ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചും ഇവർ ആലോചിക്കുന്നുണ്ട്. കെ -റെയിൽ പദ്ധതിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തുന്ന പ്രതിരോധ യാത്രയുടെ രണ്ടാംഘട്ടമായിരുന്നു ഇന്നലെ നടന്നത്. കഴക്കൂട്ടം മുതൽ -മുരുക്കുംപുഴ കോഴിമട വരെയുള്ള പ്രദേശങ്ങളിലായിരുന്നു ഇന്നലത്തെ യാത്ര. കാൽനടയായാണ് ഓരോ വീട്ടിലും കേന്ദ്രമന്ത്രിയെത്തിയത്. വൈകിട്ട് 4ന് യാത്ര അവസാനിപ്പിച്ച് മുരളീധരൻ മടങ്ങി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, എം. ബാലമുരളി, സിൽവർ ലൈൻ സമരസമിതി സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, ജില്ലാ കോ -ഓർഡിനേറ്റർ ഷൈജു, സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് തുടങ്ങിയവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നല്ലത് വന്ദേഭാരത് എക്‌സ്‌പ്രസ്: വി. മുരളീധരൻ
സിൽവർ ലൈനിനെക്കാൾ ഉപകാരപ്രദമാകുന്ന രീതിയിലാണ് 160 കിലോമീറ്റർ വേഗതയിൽ പായുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് കേന്ദ്രം ആവിഷ്‌കരിച്ചത്. ഈ ട്രെയിൻ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയെത്താൻ 3 - 4 മണിക്കൂർ മതിയാകും. 9 സെക്കൻഡ് കൊണ്ട് ഈ ട്രെയിനുകൾക്ക് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. സാധാരണ ട്രെയിൻ പ്ളാറ്റ്ഫോമിൽ നിന്ന് സ്റ്റാർട്ട് ചെയ്താൽ രണ്ടോ മൂന്നോ കിലോമീറ്റർ കഴിഞ്ഞാലേ പൂർണ വേഗതയിലെത്താനാകൂ. എന്നാൽ വന്ദേ ഭാരത് ട്രെയിനിന്റെ എൻജിൻ പിക്ക് അപ്പ് സ്‌പീഡ് 9 സെക്കൻഡ് ആണ്. അതിനാൽ വണ്ടി നിറുത്തുമ്പോഴും ഓടിത്തുടങ്ങുമ്പോഴുമുള്ള സമയനഷ്ടം കുറയ്ക്കാനാകും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയാൽ ഇപ്പോഴത്തെ ലക്ഷങ്ങളുടെ കുടിയിറക്ക് ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ഭൂമിയിൽ കല്ലുകൾ സ്ഥാപിക്കുന്നത് റവന്യൂ വകുപ്പല്ലെന്നും മറിച്ച് സർക്കാർ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസിയാണെന്നും വി.മുരളീധരൻ പറഞ്ഞു. ഇത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ഒരു പദ്ധതി കേരളത്തിൽ വേണോ വേണ്ടയോ എന്ന് കണ്ടെത്താനാണ് സാമൂഹികാഘാത പഠനം നടത്താൻ ഹൈക്കോടതിയും സുപ്രീംകോടതിയും അനുമതി നൽകിയിട്ടുള്ളത്. ഇതിന് കല്ലിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.