വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തുഞെരിച്ച് മാല പൊട്ടിക്കാൻ ശ്രമം. വാ പൊത്തിപ്പിടിക്കുന്നതിനിടെ വൃദ്ധ കൈയിൽ കടിച്ചതിനെ തുടർന്ന് അക്രമി ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

കാർഷിക കോളേജിന് സമീപം കീഴൂർ ലക്ഷ്മി മന്ദിരത്തിൽ പത്മിനിയമ്മയുടെ (75) വീട്ടിലാണ് വസ്ത്രം വിൽക്കാനെന്ന വ്യാജേന എത്തിയ ആൾ അതിക്രമിച്ച് കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അവശയായ വൃദ്ധ ആശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ പിൻ വാതിൽ വഴി ഉള്ളിൽ കടന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നൊന്നും നഷ്ടപ്പെട്ടിട്ടില്ല. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.