തിരുവനന്തപുരം: സോഫ്ട്‌വെയർ അപ്‌ഡേഷന് വേണ്ടി കംപ്യൂട്ടർ സേവനങ്ങൾ നിറുത്തിയതിനെ തുടർന്ന് നഗരസഭയിൽ റവന്യു വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തിയ ജനങ്ങൾ ഇതോടെ വലഞ്ഞു. സാമ്പത്തിക വർഷം അവസാനിച്ചെങ്കിലും അടുത്ത അർദ്ധ വർഷത്തേക്കുള്ള നികുതിയും ഇത് കാരണം ഇപ്പോൾ സ്വീകരിക്കുന്നില്ല. പ്രശ്നം പരിഹരിക്കാൻ 7 ദിവസത്തെ സമയം വേണ്ടിവരുമെന്നാണ് അധികൃതരുടെ വിശദീകരണം.

സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപുള്ള ദിവസമായ മാർച്ച് 31ന് കടകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും ലൈസൻസ് പുതുക്കാൻ വേണ്ടി എത്തിയവരും നിരാശയോടെയാണ് മടങ്ങിയത്. ഉച്ചയ്ക്ക് 2 മുതൽ നഗരസഭയുടെ വെബ്സൈറ്റ് പണി മുടക്കിയിരുന്നു. അക്ഷയയിലും മറ്റും അപേക്ഷയുമായി ചെന്ന പലർക്കും ലൈസൻസ് പുതുക്കാനായില്ല. പിറ്റേ ദിവസമാണ് സൈറ്റ് പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചത്.