
തിരുവനന്തപുരം: കുടുംബശ്രീ ദേശീയ സരസ് മേളയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ആവേശത്തിലാണ് കരകുളം ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾ. ഇവരെ സഹായിക്കാൻ അമ്മമാരും ടീച്ചർമാരും ആയമാരും പോത്തൻകോട് നിന്നുള്ള കുട്ടികളുടെ സംഘവുമുണ്ട്. 10 രൂപയുടെ വിത്ത് പേനയ്ക്ക് സ്റ്റാളിൽ ആവശ്യക്കാർ ഏറെയാണ്.സരസ് മേള സംഘാടകർക്ക് മാത്രമായി 2400 പേനകൾ ഇവർ നിർമ്മിച്ചു നൽകി. ഇത് കൂടാതെ നോട്ട്പാഡ്, ഓഫീസ് ഫയൽ, സോപ്പ്, ലോഷൻ, ചവിട്ടി, തുണിസഞ്ചി, കുട, മെഴുകുതിരി, മഞ്ഞൾപ്പൊടി, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയെല്ലാം സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മേളയുടെ അവസാന ദിനമായ ഏപ്രിൽ 10 വരെ ഇവർ കനകക്കുന്നിലുണ്ടാകും. ബഡ്സ് സ്ഥാപനങ്ങളിലെ 10 വിദ്യാർത്ഥികളും 4 രക്ഷിതാക്കളുമാണ് ഈ സംരംഭത്തിന് പിന്നിലെ അമരക്കാർ.