
തിരുവനന്തപുരം:സഹകരണസർവ്വീസ് പരീക്ഷാബോർഡ് മാർച്ച് 27ന് നടത്തിയ ജൂനിയർ ക്ളാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ഉദ്യോഗാർത്ഥികൾ പരാതി നൽകി. അന്വേഷണം ആവശ്യപ്പെട്ട് ബോർഡ് ഡി.ജി.പിക്ക് പരാതി കൈമാറി. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പരാതി.പരീക്ഷയുടെ തലേന്ന് ഒരു ഉദ്യോഗാർത്ഥിയും ചോദ്യപേപ്പർ ചോർത്തിയെന്ന് കരുതുന്ന ആളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതാണ് തെളിവായത്. പരാതിക്കൊപ്പം ഒാഡിയോക്ളിപ്പും നൽകിയിട്ടുണ്ട്.
"ചോദ്യവും ഉത്തരവും പറഞ്ഞു തരാം, പണം നൽകണം" എന്നാണ് ഓഡിയോ ക്ലിപ്പിലുള്ളത്. കോഴിക്കോട്ട് പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലുകാരുടെ ഫോണിൽ നിന്നാണ് ഉദ്യോഗാർത്ഥികൾക്ക് കോൾ വന്നതെന്നാണ് അറിയുന്നത്. ഇവരെ തിരിച്ചുവിളിച്ചവർക്ക് വിശ്വാസം തോന്നാൻ മൂന്നോ നാലോ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തു. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും ചോദ്യപേപ്പർ കൈയിൽ കിട്ടിയപ്പോഴാണ് ഫോൺകോളിൽ പറഞ്ഞ അതേ ക്രമത്തിൽ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ കണ്ടത്. അതോടെയാണ് ചോദ്യപേപ്പർ ചോർന്നെന്ന സംശയം ഉയർന്നത്.
ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ നാലര വരെ ആയിരുന്നു പരീക്ഷ. മൂന്നര ആയപ്പോൾ തന്നെ യു ട്യൂബ് ചാനലിൽ ചോദ്യപേപ്പറിലെ മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ ആയി അപ്‌ലോഡ് ചെയ്തിരുന്നു.
"അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പരീക്ഷാബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടു. അതിന് ശേഷം നടപടിയെടുക്കും"
--സഹകരണമന്ത്രി വി.എൻ.വാസവൻ