
കാരേറ്റ്: സാമൂഹ്യപ്രതിബദ്ധതയുള്ള ആത്മീയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആരാധനാലയങ്ങളുടെ പ്രവർത്തകരെ സജ്ജമാക്കണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡ് വന്നപ്പോൾ എല്ലാ ജാതി മതസ്ഥരുടെയും ആരാധനാലയങ്ങൾ താഴിട്ടു പൂട്ടി. സാമൂഹ്യപ്രതിബദ്ധതയിലൂടെയുള്ള പ്രവർത്തനങ്ങൾക്കു മാത്രമേ അംഗീകാരം ഉണ്ടാവുകയുള്ളൂ. വിശക്കുന്നവന്റെ മുന്നിൽ പ്രാർത്ഥന ചൊല്ലിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിന്റെ മൂർത്തിക്കാവ് ജംഗ്ഷനിലെ നമസ്കാര പള്ളിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതസൗഹാർദ്ദ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ അൽ ഉസ്താദ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അസർ നമസ്കാരത്തിന് നേതൃത്വം നൽകി, മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ ജമാഅത്ത് ജനറൽ സെക്രട്ടറി ഷാജഹാൻ,ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യപ്രഭാഷണവും ഒ.എസ് അംബിക എം.എൽ.എ മുഖ്യഅതിഥിയുമായി. ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി, മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോക്ടർ മുസമ്മിൽ ബാഖവി,തെന്നൂർ മുഹമ്മദ് മൗലവി ബാഖവി,ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി, തൊളിക്കുഴി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എ.ശിഹാബുദ്ദീൻ,മൂർത്തിക്കാവ് ശ്രീഭദ്രകാളി ക്ഷേത്ര സമിതി പ്രസിഡന്റ് മധുസൂദനൻ നായർ, പരിപാലന കമ്മിറ്റി ട്രഷറർ എസ്.നാസിമുദ്ദീൻ,സെക്രട്ടറി ബുഹാരി മന്നാനി, പരിപാലന സമിതി അംഗങ്ങളായ എം. റഹീം,എ.സിറാജ്ജുദീൻ,എ.അബ്ദുൽ വാഹിദ്, നിർമാണ കമ്മിറ്റി സെക്രട്ടറി എം.മുനീർ, ജമാഅത്ത് വൈസ് പ്രസിഡന്റും നിർമാണ കമ്മിറ്റി ചെയർമാനുമായ എസ്.നസീർ എന്നിവർ പങ്കെടുത്തു.