tank

നെയ്യാറ്റിൻകര: അതിയന്നൂർ കോട്ടുകാൽ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ സ്ഥാപിക്കുന്ന അതിയന്നൂർ സമഗ്ര കുടിവെള്ള പദ്ധതി വൈകാതെ യാഥാർത്ഥ്യമാകും. പദ്ധതിയുടെ ആദ്യഘട്ടമായ അതിയന്നൂർ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി നിർമ്മിക്കുന്ന നെയ്യാറിന് സമീപത്തെ കിണറും ഉയർന്ന പ്രദേശമായ പോങ്ങിൽ 15 എം.എൽ.ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയുടെയും 6 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെയും ജനറേറ്റർ റൂമിന്റെയും നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ച 26 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി 2008ൽ നടപ്പിലാക്കിയ അരംഗമുഗൾ കുടിവെള്ളപദ്ധതിയും 2013ൽ നിർമ്മാണം പൂ‌ർത്തിയാക്കിയ തലയറുത്താൻ കുളം കുടിവെള്ള വിതരണ പദ്ധതിയും ഉദ്ഘാടനം കഴിഞ്ഞ് തൊട്ടുപിന്നാലെ പാളിയതോടെയാണ് അതിയന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശത്തുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടാൻ തുടങ്ങിയത്.

പദ്ധതി ലക്ഷ്യം

വേനൽക്കാലത്ത് കിലോമീറ്ററുകളോളം താണ്ടിയാണ് നാട്ടുകാ‌ർ കുടിവെള്ളം ശേഖരിക്കുന്നത്. ​തുടർന്നാണ് പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാനായി സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണത്തിന് അധികൃതർ തയാറായത്. അതിയന്നൂ‌ർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ പിരായുംമൂട്ടിൽ നെയ്യാറിന് സമീപം കിണർ നിർമ്മിച്ച് ശേഖരിക്കുന്ന വെള്ളം ഇവിടെ നിന്നും പമ്പ് ചെയ്ത് പോങ്ങിലെ ജലശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം സമീപത്തെ ഓവർഹെഡ് ടാങ്കിൽ ശേഖരിച്ച് ഇവിടെ നിന്നും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ജലവിതരണം നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പൈപ്പുകൾ സ്ഥാപിക്കും

അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ വാ‌ർഡിലെ അരയേക്കറോളം സ്ഥലത്താണ് ജലശുദ്ധീകരണ ശാലയും ഓവർഹെഡ് ടാങ്കും നി‌‌ർമ്മിക്കുന്നത്. പിരായുംമൂട്ടിലെ കിണറിൽ നിന്നും പോങ്ങിലെ ജലശുദ്ധീകരണ ശാലയിലേക്ക് ജലമെത്തിക്കുന്നതിനുള്ള വലിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികളും ത്വരിതഗതിയിൽ നടക്കുകയാണ്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോട്ടുകാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായുള്ള പദ്ധതിക്കായി കട്ടച്ചൽക്കുഴി, പുന്നക്കുളം എന്നിവിടങ്ങളിൽ ടാങ്ക് നിർമ്മിച്ച് വെള്ളം ശേഖരിച്ചാണ് വിതരണത്തിന് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ടെൻ‌ഡർ നടപടികളും നടന്നുവരുന്നു.

ആദ്യഘട്ട നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായുളള അതിയന്നൂർ പഞ്ചായത്ത് പ്രദേശത്തെ ജലവിതരണത്തിനായുളള പൈപ്പുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പുരോഗതിയിലാണ്. നടപടി പൂർത്തീകരിച്ചാലുടൻ പൈപ്പുകൾ സ്ഥാപിക്കുമെന്ന് ജലഅതോറിട്ടി അറിയിച്ചു.