
തിരുവനന്തപുരം: സബ്സിഡികൾ വെട്ടിക്കുറയ്ക്കുകയും നികുതി ഭാരം കയറ്റിവയ്ക്കുകയും ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നയത്തിന്റെ മറ്റൊരു ഉദാഹരണമാണ് അനുദിനമുള്ള ഇന്ധനവില വർദ്ധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളിൽ വമ്പിച്ച വിലക്കയറ്റത്തിന് ഇതു കാരണമാവും.
കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ആഗോളവത്കരണ നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പാക്കുകയാണ് ബി.ജെ.പി സർക്കാർ. കഴിഞ്ഞ 7 വർഷം കൊണ്ട് സെസ്, അഡിഷണൽ സ്‌പെഷ്യൽ ഡ്യൂട്ടി എന്നീ പേരുകളിൽ പുതിയ നികുതികൾ ഇന്ധന മേഖലയിൽ കൊണ്ടുവന്നു. ക്രൂഡോയിൽ വിലയിൽ കുറവുവന്നാലും പെട്രോൾ, ഡീസൽ വിലയിൽ കുറവുവരാത്ത രീതിയിലാണ് ഇവ വർദ്ധിപ്പിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
2016ൽ ഇടതു സർക്കാർ ഭരണത്തിൽ വന്ന ശേഷം പെട്രോൾ, ഡീസൽ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളിൽ നിന്നും കുറയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1500 കോടിയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിച്ചു. സാധാരണക്കാർക്ക് ആവശ്യമുള്ള ഭക്ഷ്യ സബ്‌സിഡിയും എണ്ണ സബ്‌സിഡിയും നൽകുന്നതിന് പണമില്ലെന്നു പറയുന്ന കേന്ദ്ര സർക്കാരാണ് കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.