തിരുവനന്തപുരം: മാനസികവും ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് വിദേശരാഷ്ട്രങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂതന പഠന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പേരൂർക്കട ബാലവികാസ് സ്‌പെഷ്യൽ സ്‌കൂളിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രവാസി മലയാളി ഗണേശ് കുമാർ സ്‌കൂളിന് സമർപ്പിച്ച ബസിന്റെ താക്കോൽ ദാനവും നിർവഹിച്ചു.
വി.കെ. പ്രശാന്ത് എം.എൽ.എ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, സെക്രട്ടറി വിജു വി. നായർ, വനിത യൂണിയൻ പ്രസിഡന്റ് എം. ഈശ്വരിഅമ്മ, സ്‌പെഷ്യൽ സ്‌കൂൾ കൺവീനർ പി. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.