photo

നെടുമങ്ങാട്: ചരിത്രത്തിൽ നിന്നും മറഞ്ഞു പോയ വിൽകലാമേള കുഞ്ഞ് വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയ്ക്ക് കാഴ്ച വയ്ക്കുകയാണ് അരുവിക്കര കടമ്പനാട് എൽ.പി സ്കൂൾ അധികൃതർ. പ്രത്യേക വേഷവിധാനമണിഞ്ഞ് മണികെട്ടിയ വില്ലിന് കീഴെ കുട്ടികൾ വളഞ്ഞിരുന്ന് വില്ലിലും മൺകുടത്തിലും താളം കൊട്ടി പാട്ടുപാടിയും കഥ പറഞ്ഞും അവതരിപ്പിച്ച വിൽപാട്ട് കണ്ണിനും കാതിനും കുളിർമയേകി. നെടുമങ്ങാട് അരുവിക്കര ഭഗവതിപുരം, കടമ്പനാട് ഗവൺമെന്റ് എൽ.പി.സ്കൂളിന്റെ 144മത് വാർഷിക ദിനാഘോഷത്തിന്റെയും അദ്ധ്യാപക രക്ഷകർത്ത്യ ദിനത്തിനന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന വാർഷിക ആഘോഷ പരിപാടി അരുവിക്കര എം.എൽ.എ ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ പത്ത് വിദ്യാർത്ഥികളാണ് വിൽപാട്ട് അവതരിപ്പിച്ചത്. സർഗ്ഗ ശേഷിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സ്കൂളിൽ ടാലന്റ് ലാബ് ആരംഭിച്ചിട്ടുണ്ടെന്നും കേരളത്തിൽ ആദ്യമായി വിൽപാട്ട് അവതരിപ്പിച്ചത് കടമ്പനാട് സ്കൂളിലെ വിദ്യാർത്ഥികളാണെന്നും ഹെഡ്മാസ്റ്റർ സി.സെബാസ്റ്റ്യൻ പറഞ്ഞു. മലയിൻകീഴ് കെ.പി.സുരേന്ദ്രനാണ് പരിശാലകൻ.