kaanayi

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ അനശ്വര കവിതകളെ ആധാരമാക്കി കാവ്യശില്‌പം തീർത്ത്

പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ. ശില്‌പകലയിൽ 55 വർഷം പൂർത്തിയാക്കുന്ന കാനായി ശാരീരിക അവശതകൾ മറികടന്നാണ് തോന്നയ്‌ക്കൽ കുമാരനാശാൻ സ്‌മാരക ദേശീയ സാംസ്‌കാരിക കേന്ദ്രത്തിൽ ത്നറെ ഏറ്റവും വലിയ ശില്‌പത്തിന് രൂപം നൽകിയത്.

സ്വാതന്ത്ര്യത്തിന്റെ ശി‌ല്‌പം,സാവിത്രി അന്തർജ്ജനം,കുമാരനാശാൻ എന്നിവയ്‌ക്ക് ശേഷം ആശാൻ സ്‌മാരകത്തിൽ കാനായിയുടെ നാലാമത്തെ ശില്‌പമാണിത്. ആശാന്റെ കവിതകൾ വായിച്ച് മനസിൽ തോന്നിയ ദർശനമാണ് ശില്‌പമാക്കിയത്. പ്രതിഫലം വാങ്ങാതെയായിരുന്നു നിർമ്മാണം.കുമാരനാശാന്റെ കവിതകൾക്കെല്ലാം വീണപൂവിന്റെ സ്വഭാവമുളളതിനാൽ ഇതിനെ വീണപൂവിന്റെ കാവ്യശില്‌പമെന്ന് പറയാമെന്ന് കാനായി കേരളകൗമുദിയോട് പറഞ്ഞു.

'.ആശാന്റെ എല്ലാ നായികമാരും ശില്‌പത്തിലുണ്ട്. കാലും തുടയും വാസവദത്തയുടേതാണ്. മാറ് നളിനിയുടേതും വയറ് ലീലയുടേതും. കഴുത്ത് തിരിച്ചുവച്ച് കിടക്കുന്നത് ചിന്താവിഷ്‌ടയായ സീതയിലെ സീതാദേവിയാണ്. സീതാദേവി ഭൂമിയിലേക്ക് പോകുന്നത് മനസിൽക്കണ്ടാണ് ശില്‌പം അത്തരത്തിൽ നിർമ്മിച്ചത്. വളഞ്ഞുപുളഞ്ഞ് തിരിഞ്ഞുകിടക്കുന്ന എല്ലാ ഭാവങ്ങളും ചേർന്ന സ്‌ത്രീ രൂപം'- കാനായി പറഞ്ഞു. ശില്‌പത്തിന്റെ വിവിധ ഭാഗങ്ങളിലായി തലമുടിയുടെ കോൺക്രീറ്റ് രൂപവുമുണ്ട്. പ്രകൃതിയിൽ കാണുന്നതെല്ലാം സീതാദേവിയുടെ തലമുടിയാണ് . 39.18 അടി നീളമുളള ശില്‌പത്തിന്റെ വീതി 37 മീറ്ററാണ്. ഉദ്ഘാടനം വൈകാതെയുണ്ടാകും.

പ്രതിഷേധങ്ങളെ

വക വയ്‌ക്കില്ല

വാക്കുകളുടെ അർത്ഥം മാത്രമെടുത്തല്ല ശില്‌പം നിർമ്മിച്ചതെന്ന് കാനായി പറഞ്ഞു. പ്രതിഷേധങ്ങളെ വകവയ്‌ക്കില്ല. കാണുന്നവരുടെ മനസിലാണ് അശ്ലീലം. ചെയ്‌ത ജോലിയിൽ അശ്ലീലമില്ല. എല്ലാ അശ്ലീലങ്ങളേയും ശ്ലീലമാക്കിയ കവിയാണ് കുമാരനാശാൻ.മലമ്പുഴയിലെ യക്ഷിയുടെ അമ്പതാം വാർഷികത്തിൽ സർക്കാർ തന്നെ ആദരിച്ചു. ആശാൻ സ്‌മാരകത്തിന് മുന്നിൽ താൻ നിർമ്മിച്ച ഫ്രീഡം ഗേറ്റ് റോഡ് വികസനത്തിനായി പൊളിക്കരുതെന്നാണ് കാനായിയുടെ അപേക്ഷ.

' ഭൗതിക സൗന്ദര്യവും അതിനും അതീതമായ ആത്മീയ സൗന്ദര്യവും അടങ്ങുന്നതാണ് ആശാന്റെ കവിതകൾ. വ്യക്തി സ്‌നേഹത്തിനപ്പുറം പ്രപഞ്ച സ്‌നേഹമാണത്. കാനായിയുടെ കാവ്യശില്‌പത്തിലും അത് കാണാം.'

വി.മധുസൂദനൻ നായർ

ചെയർമാൻ,

കുമാരനാശാൻ സ്‌മാരക ദേശീയ സാംസ്‌കാരിക കേന്ദ്രം