
തിരുവനന്തപുരം: വേനൽ കടുത്തിട്ടും നഗരസഭ സ്ഥാപിച്ച കുടിവെള്ള കിയോസ്‌കുകൾ പലയിടത്തും ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വിവിധയിടങ്ങളിൽ കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ചത്. 25 വാട്ടർ കിയോസ്‌ക് സ്ഥാപിച്ചതിൽ നിലവിൽ 12 എണ്ണം മാത്രമാണ് ഇതുവരെ പ്രവർത്തനക്ഷമമാക്കാൻ സാധിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിൽ (കെ.ആർ.എഫ്.ബി) നിന്നും, റോഡുകളുടെ ഉടമസ്ഥാവകാശമുള്ള മറ്റ് ഏജൻസികളിൽ നിന്നും അനുമതി വൈകുന്നതാണ് കിയോസ്‌ക് പ്രവർത്തനത്തിന്റെ കാലതാമസത്തിന് പ്രധാന കാരണമെന്നാണ് സ്‌മാർട്ട് സിറ്റി അധികൃതർ പറയുന്നത്. ഏകദേശം 2.2 കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്. കുപ്പിവെള്ളത്തിന്റെ അനിയന്ത്രിതമായ വിലയും ശുദ്ധമായ വെള്ളത്തിന്റെ ദൗർലഭ്യവും കാരണം നഗരത്തിൽ ഇനിയും കൂടുതൽ കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കണമെന്ന പൊതുജനാവശ്യം ശക്തമാണ്.
പദ്ധതിക്ക് ചെലവായത് - 2.2 കോടി രൂപ
സ്ഥാപിച്ചത് - 25 വാട്ടർ കിയോസ്‌ക്
ഉപയോഗപ്രദമായത് - 12 എണ്ണം
കിയോസ്‌കുകൾ പൊതുജനാവശ്യം
തലസ്ഥാന നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് തമ്പാനൂർ. ബസ് ടെർമിനലും സെൻട്രൽ റെയിൽവേ സ്റ്റേഷനും ഉൾക്കൊള്ളുന്ന ഇവിടെയും കുടിവെള്ള കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ജലവിതരണ കണക്ഷൻ ഇല്ലാത്തതിനാൽ ഇത് ഉപയോഗശൂന്യമാണ്. ഇതോടെ യാത്രക്കാർ കുപ്പിവെള്ളം വാങ്ങിക്കാൻ നിർബന്ധിതരാകുകയാണ്. പാളയത്ത് യൂണിവേഴ്സിറ്റി കോളേജിന് സമീപം സ്ഥാപിച്ച കിയോസ്‌കും ഇത്തരത്തിൽ പ്രവർത്തനരഹിതമാണ്. തമ്പാനൂർ ബസ് ഷെൽട്ടർ, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, യൂണിവേഴ്സിറ്റി കോളേജ്, തകരപറമ്പ്, എസ്.എം.വി, പാളയം ബുക്ക് സ്റ്റാൾ, മ്യൂസിയത്തിന് എതിർവശം, ജനറൽ ആശുപത്രി, കോർപ്പറേഷൻ ഓഫീസ്, ചാല മാർക്കറ്റ് എന്നിവിടങ്ങളിലെ കിയോസ്‌കുകളിലും ഇനിയും വെള്ളമെത്തിയിട്ടില്ല.
നല്ല തണുത്ത വെളളം 2 രൂപയ്‌ക്ക്
ശാസ്‌തമംഗലത്ത് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസിന് മുന്നിൽ അരുവിക്കര ഡാമിലെ ശുദ്ധീകരിച്ച തണുത്ത ജലം കിയോസ്‌കിൽ ലഭ്യമാണ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.ഐ.ഐ.ഡി.സി ) ഹില്ലി അക്വാ എന്ന ശുദ്ധീകരിച്ച ജലമാണിത്.ഒരു ഗ്ലാസ് വെള്ളത്തിന് 2 രൂപയും, ഒരു ലിറ്റർ കുപ്പിയിൽ വെള്ളം നിറയ്‌ക്കാൻ 5 രൂപയുമാണ്.