പാലോട്: ജലക്ഷാമം രൂക്ഷമായതോടെ നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടു പന്നി ശല്യം നിയന്ത്രണാതീതമായി. സന്ധ്യയായാൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. വേനൽ കടുത്തതോടെ കാട്ടരുവികളും ആറും തോടും വറ്റിയതിനെതുടർന്നാണ് മൃഗങ്ങൾ നാട്ടിലേക്ക് എത്തിത്തുടങ്ങിയത്.
ഈ മേഖലയിലുള്ളവർക്ക് കുടിവെള്ളം കിട്ടാക്കനിയായ അവസ്ഥയാണ്. ഇതിനാൽ തന്നെ കുടിവെള്ളം തേടി നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങൾ അക്രമണകാരികളാകാറുണ്ട്.കാലൻകാവ്,നാഗര,ഓട്ടുപാലം, പച്ച,വട്ടപ്പൻകാട്,കരിമ്പിൻകാല തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടങ്ങളിൽ പകലും കാട്ടുപന്നികൂട്ടത്തെ കാണാം. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്. അനധികൃത അറവുശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നാട്ടുകാർ
നൽകിയെങ്കിലും അധികാരികൾ അവഗണിച്ചമട്ടാണ്.
നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കുളിന് സമീപവും, വലിയ താന്നിമൂട് വളവിലും, മൈലമൂട് റൂട്ടിലും, നാഗരയിലും അറവുമാലിന്യം സാമൂഹിക വിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത് . പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്.
റബ്ബർ,വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽകാണുന്ന എല്ലാം നശിപ്പിച്ചിട്ടേ പന്നിക്കൂട്ടം തിരികെ മടങ്ങുകയുള്ളു. നന്ദിയോട്,പെരിങ്ങമ്മല, തൊളിക്കോട് പഞ്ചായത്തുകളിലെ അറവുമാലിന്യം രാത്രികാലങ്ങളിൽ കൊണ്ട് തള്ളുന്നത് റോഡിന്റെ വശങ്ങളിലും ജനവാസ മേഖലയിലുമാണ്. വനത്തിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം കൂണുപോലെയാണ് പൊട്ടിമുളയ്ക്കുന്നത്. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുമ്പോൾ അവർ ആഹാരവും വെള്ളവും തേടി നാട്ടിലേക്കിറങ്ങുന്നത് പതിവാകുകയാണ്.
ദ്രുതകർമ്മ സേനയില്ല
വന്യജീവികളെ കാട്ടിലേക്ക് വിരട്ടി അയക്കുന്ന റാപ്പിഡ് റസ്പോൻസ് ടീമിന്റെ സേവനം ഇവിടങ്ങളിൽ ലഭിക്കുന്നില്ല. ആനകൾക്കും മറ്റ് കാട്ടുമൃഗങ്ങൾക്കും ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങളും ചെടികളും വെട്ടി നശിപ്പിച്ച് അക്കേഷ്യവും മാഞ്ചിയവും വച്ചുപിടിപ്പിച്ചതിനാൽ ഭക്ഷണം കിട്ടാതെയാണ് നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും.
പൊറുതിമുട്ടിച്ച ഏക വിളനയം
1970കളിൽ നടപ്പിലാക്കിയ സാമൂഹ്യ വനവത്കരണ നയപ്രകാരം, വനത്തിനുള്ളിലെ പ്ലാവും മാവും പോലുള്ള ഫലവൃക്ഷങ്ങളെല്ലാം വെട്ടി, അക്കേഷ്യയും യൂക്കാലിപ്റ്റസും പോലുള്ള ഏകവിളകൾ നട്ടുപിടിപ്പിച്ചു. ചക്കയിലും മാങ്ങയിലും എളുപ്പം ദഹിക്കുന്ന ധാന്യകം ധാരാളമുണ്ടായിരുന്നു. ഇത് വന്യമൃഗങ്ങൾക്ക് ലഭിക്കാത്ത സാഹചര്യം വന്നു. ധാന്യകമുള്ള ഏതൊരു ഭക്ഷ്യപദാർത്ഥവും മൃഗങ്ങൾക്കിഷ്ടമാണ്. വാഴപ്പഴം മാത്രമല്ല, വാഴയുടെ ഏതു ഭാഗവും ആനയ്ക്കിഷ്ടമാണ്. പുന്നെല്ലിന്റെ സുഗന്ധം ലഭിച്ചാൽ കിലോമീറ്ററുകൾ അകലെ നിന്നു പോലും ആന വരും.
വനപ്രദേശങ്ങളിലെ കൃഷി എളുപ്പം ദഹിക്കുന്ന ധാന്യകമുള്ള ചക്ക, വാഴ, കപ്പ, നെല്ല് എന്നിവ വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാതിരുന്നാൽ വന്യജീവിശല്യം കുറയ്ക്കാം. പ്രത്യേകിച്ചും ആന, കാട്ടുപന്നി എന്നിവയുടെ ശല്യം ഗണ്യമായി കുറയും. വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള പ്ലാവുകളിലെ ചക്ക പഴുക്കുന്നതിനു മുമ്പ് വിളവെടുക്കുന്നത് വന്യജീവികൾ ഇവ തേടിയെത്തുന്നത് ഒഴിവാക്കും.
ഇവിടെ ജലക്ഷാമവും മൃഗശല്യവും രൂക്ഷം
...നാഗര,പ്രാമല,വട്ടപ്പൻകാട്,ഭദ്രം
....കടുവാച്ചിറ,പൊട്ടൻചിറ,കുറുങ്ങണം
...കരിമ്പിൻകാല,ഓട്ടുപാ
ആലുംകുഴി,മീ
ആലംപാറ,കള്ളിപ്പാറ,നാലുസെന്റ് കോളനി
ആനക്കുഴി,പുന്നമൺവയൽ,വെളി
മങ്കയം,വേങ്കൊല്ല,ശാസ്താം
കോളച്ചൽ,മുത്തിക്കാ
പരിഹാരം
1വനഭൂമിയിലേക്കു കടന്നു കയറാതിരിക്കുക
2കാട്ടുതീ തടയുക
3കൃഷി രീതിയിൽ മാറ്റം വരുത്തുക
4വനത്തിനുള്ളിൽ ബഹുവിള
5 വന അതിർത്തിയിൽ തടസങ്ങൾ സൃഷ്ടിക്കുക
നന്ദിയോട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണം. വന്യമൃഗശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനോടെപ്പം കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് ധനസഹായവും വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകണം.
ശ്രീജിത്ത് പാലോട്
ബി.ജെ.പി പാലോട് മണ്ഡലം സെക്രട്ടറി