തിരുവനന്തപുരം: ഭിന്നശേഷി കലോത്സവം 'സഹയാത്ര' 5ന് മാജിക് പ്ലാനറ്റിൽ നടക്കും. രാവിലെ 10ന് മന്ത്രി ആന്റണി രാജു കലോത്സവം ഉദ്ഘാടനം ചെയ്യും. മാജിക് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും മാജിക് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി പ്രതിഭകൾ പങ്കെടുക്കും. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലേയ്ക്കുള്ള പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന, ഉപകരണസംഗീതം, അഭിനയം തുടങ്ങിയ ഇനങ്ങൾ ഡിഫറന്റ് ആർട്ട് സെന്ററിലെ 5 വേദികളിൽ അരങ്ങേറും.