കല്ലറ: പിരിച്ചുവിട്ട താത്കാലിക ജീവനക്കാരനെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. കല്ലറ തറട്ട ഗവ. ആശുപത്രിയിലെ താത്കാലിക ആംബുലൻസ് ഡ്രൈവർ കല്ലറ തുമ്പോട് ശിവഗംഗയിൽ വിനോദിനെ തിരിച്ചെടുക്കാനാണ് ഹൈക്കോടതി ഉത്തരവ്. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന വിനോദ് കഴിഞ്ഞ മാസം തിരികെ ജോലിക്ക് എത്തിയപ്പോൾ, ജോലിയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഇതിനെതിരെ വിനോദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സി.പി.എം പ്രവർത്തകയായിരുന്ന വിനോദിന്റെ ഭാര്യ അഡ്വ. റീന സി.പി.ഐയിൽ ചേർന്നതിന്റെ പ്രതികാരമായാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന തന്നെ ജോലിയിൽ നിന്നുപിരിച്ചുവിട്ടതെന്നാണ് വിനോദിന്റെ ആരോപണം. പിരിച്ചുവിടാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തിൽ കഴമ്പുള്ളതായും ഇക്കാര്യം വിധിന്യായത്തിൽ കോടതി പരമാർശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് വിനോദ് പറഞ്ഞു.