വർക്കല: നാഷനൽ ഹെൽത്ത് മിഷൻ ശുചീകരണ പ്രവൃത്തികൾക്ക് വാർഡ് തലത്തിൽ അനുവദിക്കുന്ന തുകയുടെ വിനിയോഗം തടസ്സപ്പെടുന്നുവെന്ന് ആരോപിച്ച് വർക്കല നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഓഫിസിൽ തടഞ്ഞുവച്ചു. വർക്കല പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ ഇതു സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. വാർഡ് തലത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മിഷന്റെ വകയായി 10,000 രൂപ വീതം അനുവദിച്ചിട്ടും കഴിഞ്ഞ നാലു വർഷമായി നഗരസഭ, താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം തുക തിരികെ മടക്കുകയാണെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു.
ഈ വർഷവും തുക കൈമാറാത്ത സ്ഥിതിയുണ്ടായതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് അഡ്വ.ആർ. അനിൽകുമാർ അറിയിച്ചു. കൗൺസിലർമാരായ ആർ.വി. വിജി, എ.ആർ.അനീഷ്, ടി.എസ്.അശ്വതി, പ്രിയ ഗോപൻ, കെ.എൽ.അനു, എസ്.സിന്ധു ഷീന,കെ.ഗോവിന്ദ്, എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർസമരത്തിൽ പങ്കെടുത്തു.