
മലയിൻകീഴ്: മാറനല്ലൂരിൽ പൊലീസും യുവാക്കളും ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആക്ഷേപം. ലാത്തികൊണ്ടുള്ള അടിയിൽ പ്രദീപ്, മനോജ് എന്നിവരുടെ തല പൊട്ടിയിരുന്നു. അരുവിയോട് സ്വദേശി പ്രഭാകരനും പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി. പരിക്കേറ്റ മൂന്നുപേരും നെയ്യാറ്റിൻകര, കാട്ടാക്കട സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. മാറനല്ലൂർ കരിങ്ങൽ തൊട്ടിക്കര ഭദ്രകാളി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി 12ന് നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. പൊലീസ് വിലക്കിയിട്ടും
യുവാക്കൾ ഡാൻസ് തുടർന്നതാണ് ഏറ്റുമുട്ടലിന് കാരണം. സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാവിലെ 10ഓടെ പൊലീസിനെ ക്ഷേത്രപരിസരത്ത് നിന്ന് മാറ്റിയിരുന്നു.
എ.ആർ.ക്യാമ്പിൽ നിന്നെിയ പൊലീസുകാരനാണ് ക്ഷേത്ര ഗ്രൗണ്ടിൽ സമാധാനപരമായി നടന്ന പരിപാടി അലങ്കോല പ്പെടുത്തിയതെന്നാണ് ആക്ഷേപം. എന്നാൽ ഗാനമേള സമയത്ത് പൊതുവഴി വിട്ട് മാറിനിൽക്കാൻ പൊലീസ് പറഞ്ഞത് കൂട്ടാക്കാതെ അസഭ്യം വിളിച്ചശേഷം കൈയേറ്റത്തിന് ശ്രമിച്ചെന്നുമാണ് പൊലീസിന്റെ വാദം. അതേസമയം പൊലീസ് ഗാനമേളയ്ക്കിടെ ആക്രമണം നടത്തുന്നതിന്റെ വീഡിയോ പുറത്തായി. തലപൊട്ടി രക്തം വാർന്ന പ്രദീപിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും പൊലീസും യുവാക്കളും തമ്മിലുള്ള സംഭാഷണവും വീഡിയോയിലുണ്ട്.
ഗാനമേളയ്ക്കിടെ പൊലീസ് ലാത്തികൊണ്ട് അടിച്ച് മനോജിന്റെ മൂക്ക് തകർത്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ചിത്ര കാട്ടാക്കട ഡിവൈ.എസ്.പിക്ക് പരാതി നൽകി. ക്രമസമാധാനത്തിന്റെ ഭാഗമായാണ് ലാത്തി വീശിയതെന്നും ഒാടുന്നതിനിടെ വീണാണ് രണ്ടുപേർക്ക് പരിക്കേറ്റതെന്നുമാണ് പൊലീസ് പറയുന്നത്. 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫോട്ടോ: ഗാനമേളയ്ക്കിടെ പൊലീസ് ലാത്തികൊണ്ട് അടിച്ച്
പരിക്കേറ്റ പ്രദീപ്,മനോജ്,പ്രഭാകരൻ എന്നിവർ