m-ah

വെഞ്ഞാറമൂട്: മകൻ മരണപ്പെട്ടിട്ടുണ്ടെന്ന് എല്ലാവരും വിധിയെഴുതിയപ്പോഴും

മെഹബൂബി മാത്രം അത് വിശ്വസിച്ചില്ല. നീണ്ട നാളത്തേ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിൽ അമ്മയ്ക്ക് മകനെ തിരിച്ചു കിട്ടി.

മെഹബൂബി എന്ന ഈ മാതാവിന്റെ കണ്ണുനീർ തുടങ്ങുന്നത് ഏകദേശം അഞ്ച് വർഷങ്ങൾക്കപ്പുറം (2017) ഷിമോഗയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ്. മാനസിക വെല്ലുവിളികൾ നേരിടുന്ന അപസ്മാര രോഗി കൂടിയായ മകനെ യാത്രയ്ക്കിടയിൽ നഷ്ടപ്പെടുകയായിരുന്നു. മെഹ്ബൂബ മകന്റെ ഫോട്ടോയുടെ കോപ്പിയുമായി അന്ന് തുടങ്ങിയ തെരച്ചിലാണ്. പൊലീസ് സ്റ്റേഷനിലും സുഹൃത്തുക്കൾ വഴി സോഷ്യൽ മീഡിയയിലുമൊക്കെ മകനെ തിരക്കിക്കൊണ്ടേ ഇരുന്നു.

കുട്ടി ഇതിനിടയിൽ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ ലീഗൽ സർവീസ് സൊസൈറ്റിയുടെ സംരക്ഷണത്തിൽ എത്തിയിരുന്നു. ഇവിടെ എത്തപ്പെട്ട് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ മുതലാണ് യുവാവ് ചില വാക്കുകൾ ഒക്കെ സംസാരിച്ചു തുടങ്ങിയത്. ഭാഷ മനസിലാക്കി നടത്തിയ അന്വേഷണം ചെന്നെത്തിയത് കർണാടകയിലെ ഷിമോഗയിലാണ്. ചാരിറ്റി വില്ലേജിന്റെ പ്രതിനിധി ഈ ചിത്രത്തിൽ കാണുന്ന ആൾ നിങ്ങളുടെ ആരാണ്" എന്ന ചോദ്യവുമായി ആ അമ്മയുടെ മുന്നിൽ എത്തിയപ്പോൾ മെഹബൂബി അമ്പരന്നുപോയി. മരിച്ചുപോയെന്ന് എല്ലാവരും വിധിയെഴുതിയ മകന്റെ ഫോട്ടോ കണ്ട് അമ്മ പൊട്ടിക്കരഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ കാരണം മകനെ കാണാൻ മെഹ്ബൂബയ്ക്ക് 8 മാസം കാത്തിരിക്കേണ്ടി വന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചാരിറ്രി സെന്ററിൽ നിന്ന് മകനെയും മാറോട് ചേർത്ത് മെഹ്ബൂബ കഴിഞ്ഞ ദിവസം മടങ്ങിപ്പോയി.