1

പോത്തൻകോട്: പണിമൂല ദേവീക്ഷേത്രത്തിലെ ദ്വിവത്സര സപ്‌തദിന ദേശീയോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധവകുപ്പുകളുടെ ഏകോപന യോഗം ഇന്നലെ മന്ത്രി ജി.ആർ. അനിലിന്റെ ചേമ്പറിൽ ചേർന്നു. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഉത്സവ ദിവസങ്ങളിൽ ക്ഷേത്രപ്പറമ്പിൽ പൊലീസ് സാന്നിദ്ധ്യവും ഘോഷയാത്രയ്ക്ക് ഗതാഗത ക്രമീകരണവും ഉറപ്പാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രപ്പറമ്പിൽ മെഡിക്കൽ ടീമിന്റെ സാന്നിദ്ധ്യം ലഭ്യമാക്കും. വികാസ് ഭവൻ പോത്തൻകോട്, കണിയാപുരം,നെടുമങ്ങാട്,വെഞ്ഞാറമൂട് എന്നീ ഡിപ്പോകളിൽ നിന്ന് ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നതിന് കെ.എസ്ആർ.ടി.സിക്ക് നിർദ്ദേശം നൽകി.

ഉത്സവ ദിവസങ്ങളിൽ പായസ വഴിപാട് ഉള്ളതിനാൽ ഫയർഫോഴ്സ് ടീമിന്റെ സേവനം ഉറപ്പാക്കും. സപ്ലൈകോ മൊബൈൽ മാവേലി വാഹനത്തിന്റെ സേവനം പൊങ്കാല ദിവസങ്ങളിൽ ലഭ്യമാക്കും. വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, പഞ്ചായത്ത്, കോർപ്പറേഷൻ, പി.ഡബ്ല്യു.ഡി, എക്സൈസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ സേവനം ഉറപ്പുവരുത്തിയതായി മന്ത്രി പറഞ്ഞു.