തിരുവനന്തപുരം: സ്റ്റാളുകളിൽ നിന്ന് തിരിയാൻ സ്ഥമില്ല, ഫുട്കോർട്ടിൽ ഭക്ഷണത്തിനായി കാത്ത് നിൽക്കുന്നവരുടെ നീണ്ട നിര. ഞായറാഴ്ച കുടുംബശ്രീയുടെ സരസ് മേളയിൽ കണ്ടത് സമാനതകളില്ലാത്ത തിരക്ക്. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം തലസ്ഥാനത്ത് വിരുന്നെത്തിയ ജനകീയമേളയ്‌ക്ക് ജനം നൽകിയത് വലിയ സ്വീകരണമായിരുന്നു. ഗ്രാമീണ കരകൗശല ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗാർഹിക ഉത്പന്നങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ എിങ്ങനെ നൂറുകണക്കിന് ഉത്പന്നങ്ങൾ കാണാനും വാങ്ങാനും എത്തിയത് കുട്ടികളടക്കം ആയിരങ്ങൾ. റസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചും വിവിധ കൂട്ടായ്മകൾ കേന്ദ്രീകരിച്ചും മേള കാണാൻ ആളുകളെത്തി.
ശീതളപാനീയത്തിൽ നിന്ന് തുടങ്ങി രാത്രിയിൽ അത്താഴവും കഴിച്ച് പോകാനുള്ളത്ര വിഭവങ്ങൾ ഇവിടെയുണ്ട്. രണ്ടും മൂന്നും ദിവസം തുടർച്ചയായി വന്നാലെ ഫുഡ് കോർട്ടിലെ വിഭവങ്ങൾ ആസ്വദിക്കാൻ കഴിയുകയുള്ളു. പഞ്ചാബിലെ പാനീപൂരി, മഹാരാഷ്ട്രയുടെ പുരൻപോളി, അസാമിന്റെ ചിക്കൻ മോമോസും മഷ്രൂം ഫ്രൈഡ് റൈസും ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിഭവങ്ങൾക്കും ആൾക്കാരുടെ ക്യൂവായിരുന്നു. അട്ടപ്പാടിയുടെ വനസുന്ദരി, കോട്ടയത്തിന്റെ കപ്പയും മീനും ഇടുക്കിയുടെ പിടിയും കോഴിയും കാസർകോടിന്റെ ചിക്കൻ ഡ്രം സ്റ്റിക്ക് തുടങ്ങി കപ്പ വറുത്തത്, കായ വറുത്തത്, ചക്ക വറുത്തത്, ശർക്കര ഉപ്പേരി തുടങ്ങി പരമ്പര്യത്തിന്റെ മേന്മ വിളിച്ചോതുന്ന വിഭവങ്ങൾ വേറെയും. സ്റ്റാളുകളിൽ പുതുമയുള്ള വിഭവങ്ങൾ വിളംബൻ ഒരു മത്സരം തന്നെയുണ്ടിവിടെ. കൊതിയേറും വിഭവങ്ങൾ നുണയാനും ഗുണമേറിയ ഉത്പന്നങ്ങൾ വാങ്ങാനും ഏപ്രിൽ 10 വരെ സമയമുണ്ട്.