തിരുവനന്തപുരം: നികുതി പിരിവിൽ നൂറുശതമാനം വളർച്ച കൈവരിച്ച് ഉഴമലയ്ക്കൽ പഞ്ചായത്ത് . പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനത്തും സംസ്ഥാനത്ത് 27ാം സ്ഥാനവുമാണ് നേടിയത്. 2021-22 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നൂറു തൊഴിൽ ദിനം പൂർത്തിയാക്കിയ 598 തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ഗ്രാമീണ റോഡുകളുടെ കോൺക്രീറ്റിങ്ങിൽ മികച്ച പ്രവർത്തനവും നടത്തി. അഞ്ച് കോടി 80 ലക്ഷം രൂപയാണ് സാമ്പത്തിക വർഷത്തെ ആകെ ചെലവ്. 2276 കുടുംബങ്ങൾക്ക് തൊഴിൽ നൽകിയതിലൂടെ 159082 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ കടലാസ് രഹിത ഓഫീസ് എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്. ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത പറഞ്ഞു.