sadhguru

ദുബായ്: മണ്ണ് സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായുള്ള ആഗോള ക്യാമ്പയിന്റെ ഭാഗമായി സദ്‌ഗുരു ജഗ്ഗി വാസുദേവ് മേയ് 17ന് യു.എ.ഇയിലെത്തും. മൂന്നുദിവസത്തെ പരിപാടികൾക്കായാണ് അദ്ദേഹം എത്തുന്നത്. സദ്‌ഗുരു ഇപ്പോൾ ഇറ്റലിയിൽ നിന്നും സ്വിറ്റ്‌സർലാൻഡിലേക്കുളള യാത്രയിലാണ്. രാഷ്ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, പരിസ്ഥിതി ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ തന്റെ 100 ദിവസത്തെ യാത്രയ്‌ക്കിടെ അദ്ദേഹം കാണുന്നുണ്ട്.

മേയിൽ ഐവറി കോസ്റ്റിൽ നടക്കുന്ന മരുഭൂവത്കരണത്തെ പ്രതിരോധിക്കാനുള്ള യു.എൻ കൺവെൻഷനിൽ പ്രസംഗിക്കും. 170 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലും സംസാരിക്കും. കോമൺ‌വെൽത്ത് രാജ്യങ്ങളുടെ സെക്രട്ടറി ജനറലിന്റെ ഓഫീസ് അദ്ദേഹത്തിന്റെ യാത്രയ്‌ക്ക് പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ്, മദ്ധ്യേഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 27 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 100 ദിവസത്തെ യാത്രയിൽ 30,000 കിലോമീറ്ററാണ് അദ്ദേഹം ബൈക്കിൽ സഞ്ചരിക്കുന്നത്.