ബ്രിട്ടീഷ് രാജിൽ നിന്ന് സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമെന്ന നിലയിലാണ് പാകിസ്ഥാൻ സ്ഥാപിതമായതെങ്കിലും അവിടത്തെ ഏറ്റവും ശക്തമായ സ്ഥാപനം ഇന്നോളം പട്ടാളം തന്നെ! പാകിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായ 1947ലാണ് ആധുനിക പാക് പട്ടാളത്തിന്റെ ചരിത്രം തുടങ്ങുന്നത്. രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാനെ രൂപപ്പെടുത്തുന്നതിലും അവിടത്തെ ഭരണത്തിലും രാഷ്ട്രീയത്തിലും പട്ടാളം എക്കാലത്തും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളെ പട്ടാളം അട്ടിമറിച്ചിട്ടുണ്ട്. സർക്കാരുകളുടെ തലയ്ക്കു മീതേ തൂങ്ങി നിൽക്കുന്ന വാളാണ് അന്നും ഇന്നും പാക് പട്ടാളം. പാകിസ്ഥാനിൽ ഒരു സർക്കാരിനും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പട്ടാളത്തെ വെറുപ്പിച്ച് പാകിസ്ഥാനിൽ ഒരു ഭരണാധികാരിയും വാണിട്ടുമില്ല.
1947 ജൂൺ 30നാണ് ബ്രിട്ടീഷ് ഇന്ത്യൻ ആർമി വിഭജിച്ച് പാകിസ്ഥാൻ സായുധ സേന രൂപീകരിച്ചത്. കഷ്ടിച്ച് ഒന്നരലക്ഷം സൈനികരാണ് തുടക്കത്തിൽ പാക് പട്ടാളത്തിൽ ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് ലോകത്തെ ഒൻപതാമത്തെ വലിയ സൈനികശക്തിയാണ് പാകിസ്ഥാൻ. ജനറൽ സർ ഫ്രാങ്ക് മെസെർവി ആയിരുന്നു ആദ്യ കമാൻഡർ ഇൻ ചീഫ്. വളർച്ചയ്ക്കൊപ്പം പാക് സൈന്യം രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും സ്വാധീനം ശക്തമാക്കി. 1956ൽ പാകിസ്ഥാനെ ഇസ്ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോഴേക്കും സൈന്യം ശക്തമായ സാന്നിദ്ധ്യമായി.
സൈന്യം പാക് ഭരണത്തിലേക്ക്
1958ൽ ഭരണം പിടിച്ചെടുത്ത സൈന്യം പത്തു വർഷത്തിലേറെ അധികാരത്തിൽ തുടർന്നു. പ്രധാനമന്ത്രി ഫിറോസ് ഖാൻ നൂണിന്റെ ഗവൺമെന്റിനെ അട്ടിമറിച്ചാണ് റിട്ട. മേജർ ജനറൽ ഇസ്കന്ദർ മിഴ്സ പ്രസിഡന്റായി സൈന്യം അധികാരം പിടിച്ചത്. 1958 ഒക്ടോബർ 7ന് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. പ്രസിഡന്റ് മിഴ്സ ഉറ്റ അനുയായി ജനറൽ അയൂബ് ഖാനെ പാക് സേനയുടെ കമാൻഡർ ഇൻ ചീഫായും നിയമിച്ചു. എന്നാൽ മിഴ്സയുടെ നയങ്ങളോട് വിയോജിച്ച അയൂബ് ഖാൻ മിഴ്സയെ അട്ടിമറിച്ച് ഭരണം പിടിച്ചു. പ്രസിഡന്റും കമാൻഡർ ഇൻ ചീഫുമായ അയൂബ് ഖാൻ ഫൈവ് സ്റ്റാർ ഫീൽഡ് മാർഷലായി സ്വയം അവരോധിതനായി.
ഇന്ത്യൻ സേനയുടെ വളർച്ചയെ പാകിസ്ഥാൻ എന്നും സംശയത്തോടെയാണ് കണ്ടത്. 1962ൽ ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്ഥാൻ ചൈനയുമായി ബന്ധം ശക്തമാക്കി. സോവിയറ്റ് യൂണിയനെതിരെ പാകിസ്ഥാനെ കരുവാക്കാമെന്നു മനസിലാക്കിയ അമേരിക്ക പാക് പട്ടാളത്തിന് ആയുധങ്ങളും പണവും നൽകി. 1962ൽ ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യൻ സേന ദുർബലമായെന്ന മുൻവിധിയോടെയാണ് പാകിസ്ഥാൻ 65ൽ ഇന്ത്യയുമായി യുദ്ധത്തിനൊരുങ്ങിയത്.
ഇന്ത്യയുമായി മൂന്ന് വലിയ യുദ്ധങ്ങൾ നടത്തിയ പാകിസ്ഥാൻ മൂന്നിലും പരാജയത്തിന്റെ ആഘാതമറിഞ്ഞു. ആണവായുധ ശേഷി നേടിയ ശേഷമായിരുന്നു കാർഗിലിലെ അതിസാഹസം. അവിടെയും ഇന്ത്യയ്ക്ക് ജയം.
തിരഞ്ഞെടുപ്പിന്റെ തുടക്കം
1970ൽ അവിഭക്ത പാകിസ്ഥാനിലെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് നടന്നു. പൂർവ പാകിസ്ഥാനിൽ അവാമി ലീഗും പശ്ചിമ പാകിസ്ഥാനിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും ഭൂരിപക്ഷം നേടി. ഭരണ പങ്കാളിത്ത ചർച്ചകൾ പൊളിഞ്ഞതോടെ പ്രസിഡന്റ് യഹ്യാ ഖാൻ പട്ടാള നിയമം പ്രഖ്യാപിച്ചു. കിഴക്കൻ പാകിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭം കണക്കിലെടുത്ത് അവാമി ലീഗ് നേതാവ് മുജീബുർ റഹ്മാൻ പ്രധാനമന്ത്രിയായും ഭൂട്ടോ പ്രസിഡന്റായും സഖ്യകക്ഷി സർക്കാരുണ്ടാക്കാൻ ധാരണയായി. അധികാരം കൈവിടാൻ തയ്യാറാവാത്ത പട്ടാള ഭരണകൂടം മുജീബുർ റഹ്മാനെയും ഭൂട്ടോയെയും അറസ്റ്റ് ചെയ്തു.
പൂർവ പാകിസ്ഥാനിൽ രൂക്ഷമായ കലാപം അടിച്ചമർത്താൻ പട്ടാളമിറങ്ങി. ഓപ്പറേഷൻ സെർച്ച് ലൈറ്റ്, ഓപ്പറേഷൻ ബാരിസാൽ എന്നീ പേരുകളിൽ പട്ടാളം കൂട്ടക്കൊലകൾ നടത്തി. പൂർവ പാകിസ്ഥാനിലെ സൈന്യവും അർദ്ധസൈന്യവും സിവിലിയന്മാരും ഉൾപ്പെടുന്ന ഗറില്ലാ സേനയായ മുക്തിബാഹിനി ഇന്ത്യയുടെ സർവപിന്തുണയോടെ പോരാടി. പാകിസ്ഥാനെതിരെ ഇന്ത്യ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചു. രണ്ടാഴ്ച നീണ്ട യുദ്ധം ഇന്ത്യ ജയിച്ചു. പൂർവ പാകിസ്ഥാനെ ഇന്ത്യ മോചിപ്പിച്ച് ബംഗ്ലാദേശാക്കി. 93,000 പാക് സൈനികർ ഇന്ത്യയ്ക്കു കീഴടങ്ങി. പാകിസ്ഥാനിലെ പട്ടാള ഭരണകൂടം തകർന്നു. ഭരണം സുൽഫിക്കർ അലി ഭൂട്ടോയ്ക്ക് കൈമാറി. ഭൂട്ടോ രാജ്യത്തെ ആദ്യ ചീഫ് മാർഷൽ ലാ അഡ്മിനിസ്ട്രേറ്ററും കമാൻഡർ ഇൻ ചീഫും ആയി. 1972ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി സിംലാ സമാധാന കരാർ ഒപ്പിട്ടു.
ബലൂചിലെ കലാപം
ബംഗ്ലാദേശ് വിഘടനത്തിനു ശേഷം പാകിസ്ഥാൻ നേരിട്ട ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപമായിരുന്നു എഴുപതുകളിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലേത്. ബലൂച് , വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യാ സർക്കാരുകളെ ഭൂട്ടോ പിരിച്ചുവിട്ടു. മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തു. 1977ൽ ഭൂട്ടോ സർക്കാരിനെ പട്ടാള മേധാവി ജനറൽ സിയാ ഉൾ ഹക്ക് പിരിച്ചു വിട്ടു
രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടെന്ന കേസിൽ ഭൂട്ടോയെ 1979ൽ സിയാഭരണകൂടം തൂക്കിലേറ്റി.
1985ൽ സിയാ പട്ടാളനിയമം പിൻവലിച്ച് തിരഞ്ഞെടുപ്പ് നടത്തി. മുഹമ്മദ് ഖാൻ ജുനേജയെ പ്രധാനമന്ത്രിയാക്കി. അദ്ദേഹം സിയായെ ചീഫ് ഒഫ് ആർമി സ്റ്റാഫായി നിയമിച്ചു.ക്രമേണ ഇരുവരും തെറ്റി. 1988ൽ ജുനേജാ സർക്കാരിനെ സിയ പിരിച്ചുവിട്ട് നവംബറിൽ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടു. 1988 ആഗസ്റ്റ് 17ന് സിയാ ഉൾ ഹക്ക് ഹെലികോപ്റ്റർ തകർന്ന് മരണമടഞ്ഞു. ആ അപകടം അട്ടിമറിയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പിന്നിൽ ആരെന്ന് വെളിപ്പെടുത്തിയില്ല. അമേരിക്കയുടെ സി. ഐ. എ ആണ് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു.
തുടർന്ന് ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1990 ആഗസ്റ്റിൽ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാൻ അഴിമതി ആരോപിച്ച് ബേനസീറിനെ പുറത്താക്കി. നവാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായി. വിവിധ കാലയളവിലായി മൂന്നു തവണയാണ് ഷെരീഫ് പ്രധാനമന്ത്രിയായത്. 1997 -1999ൽ രണ്ടാം ടേമിലായിരുന്നു കാർഗിൽ യുദ്ധം. അന്ന് പട്ടാള മേധാവിയായിരുന്ന പർവേസ് മുഷാറഫ്, ഷെരീഫ് അറിയാതെയാണ് കാർഗിൽ ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. കാർഗിൽ യുദ്ധം പാകിസ്ഥാൻ തോറ്റതിനു പിന്നാലെ 99ൽ ഷെരീഫിനെ പുറത്താക്കി മുഷാറഫ് അധികാരം പിടിച്ചു.
മുഷാറഫ് പുറത്തേക്ക്
സൈന്യം അധികാരം പിടിക്കുമെന്നു ബോദ്ധ്യപ്പെട്ട ഷെരീഫ്, താൻ നിയമിച്ച സൈനിക മേധാവിയായ മുഷാറഫിനെ പുറത്താക്കി ഐ. എസ്. ഐ മേധാവി ലഫ്റ്റനന്റ് ജനറൽ സിയാവുദ്ദീൻ ബട്ടിനെ സൈനിക മേധാവിയാക്കാൻ ശ്രമിച്ചു. വിദേശത്തായിരുന്ന മുഷാറഫിന്റെ വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നത് ഷെറീഫ് തടഞ്ഞു. മുഷാറഫിന്റെ വിമാനം ആകാശത്ത് വട്ടമിട്ടു പറക്കുമ്പോൾ, മുഷാറഫിനെ പുറത്താക്കിയത് അംഗീകരിക്കാത്ത ജനറൽമാർ ഷെരീഫിനെ പുറത്താക്കി കറാച്ചി വിമാനത്താവളം സ്വതന്ത്രമാക്കി. ഏതാനും മിനിറ്റുകൾ മാത്രം പറക്കാനുള്ള ഇന്ധനവുമായി മുഷാറഫിന്റെ വിമാനം ലാൻഡ് ചെയ്തു. അദ്ദേഹം ഭരണത്തലവനായി ചുമതലയേറ്റു. മുഷാറഫ് വീട്ടുതടങ്കലിലാക്കിയ ഷെരീഫിനെ പിന്നീട് നാടുകടത്തി. സഖ്യകക്ഷി സർക്കാരിന്റെ ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടാൻ മുഷാറഫ് 2008ൽ രാജിവച്ചു. പിന്നീട് വന്ന പ്രധാനമന്ത്രിമാരിൽ യൂസഫ് റാസ ഗിലാനിയും നവാസ് ഷെരീഫും (മൂന്നാം തവണ) നാലു വർഷം അധികാരത്തിലിരുന്നു.