തിരുവനന്തപുരം: പെരിങ്ങമലയിൽ ആദിവാസികൾക്ക് ഗുണനിലവാരം കുറഞ്ഞ ചെണ്ടകൾ നൽകിയതിൽ വൻ ക്രമക്കേടെന്ന് പട്ടിക വർഗ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഗുണമേന്മ കുറഞ്ഞ തടിയിലും തുകലിലുമാണ് ചെണ്ട നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്.
ജില്ലാ പഞ്ചായത്തിന്റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലാണ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്‌കാരിക സമിതികൾക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറുലക്ഷം രൂപ അനുവദിച്ചത്. പെരിങ്ങമല പോട്ടമാവ് ആദിവാസി കോളനിയിലെ വനിതകൾക്ക് കിട്ടിയ ഒമ്പത് ചെണ്ടയും പൊട്ടിപ്പൊളിഞ്ഞെന്ന പരാതിയെ തുടർന്നാണ് പട്ടിക വർഗ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചെണ്ട വിദഗ്ദ്ധനുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തുവന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് ഡയറക്ടർ വിശദീകരണം തേടി.
കണ്ടെത്തലുകൾ ഇങ്ങനെ:
ചെണ്ടയുടെ അടിഭാഗം അഥവാ മന്ദം മോശമാണ്. ഏഴടുക്ക് തുകലിന് പകരം രണ്ടടുക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. തുകലിന് നിലവാരം ഇല്ല. നിർമ്മാണ രീതി മോശപ്പെട്ടതാണെന്നും ചെണ്ട വാങ്ങിയപ്പോൾ വിദഗ്ദ്ധന്റെ അഭിപ്രായം തേടിയില്ലെന്നുമാണ് കണ്ടെത്തൽ.