പാറശാല: ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീന ഭരണി തൂക്ക മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന നേർച്ചയായ തൂക്ക നേർച്ചകൾ ഇന്ന് രാവിലെ മുതൽ നടക്കും. രാവിലെ ക്ഷേത്രത്തിന് ചുറ്റുമായി നടക്കുന്ന തൂക്കക്കാരുടെ മുട്ടുകുത്തി നമസ്‌കാരത്തെ തുടർന്ന് ദേവിയെ പച്ചപ്പന്തലിലേക്ക് എഴുന്നള്ളിക്കും.

കീഴ്‌വിളാകം തറവാട്ടിൽ നിന്ന് കച്ചേരിനട, കണ്ണനാകം വഴിയുള്ള തൂക്കക്കാരുടെ വരവ് ഘോഷയാത്ര രാവിലെ 8ന് നടക്കും. ഇന്ന് രാവിലെ ആരംഭിക്കുന്ന തൂക്ക നേർച്ചകൾ നാളെ പുലരുവോളം തുടരും. ഇത്തവണ 1098 നേർച്ച തൂക്കങ്ങളാണ് നടക്കുക. ആദ്യ വണ്ടിയോട്ടത്തിലൂടെ നാല് ദേവീ തൂക്കക്കങ്ങൾ നടത്തിയതിന് ശേഷമാണ് കുട്ടികൾക്കായുള്ള തൂക്ക നേർച്ചകൾ ആരംഭിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1127 തൂക്കക്കാർ നേർച്ചക്കാരുടെ കുരുന്നുകളെ കൈയിലേന്തി വില്ലിന്മേൽ കയറി ക്ഷേത്രത്തെ വലം വയ്ക്കും.