
കടയ്ക്കാവൂർ: ആലംകോട് മീരാൻകടവ് റോഡാകെ വെട്ടിപ്പൊളിച്ച് പുനർനിർമ്മാണം തുടങ്ങി ആറുമാസം പിന്നിട്ടിട്ടും പണി പൂർത്തിയാവാത്തത് പ്രദേശവാസികളെയും യാത്രക്കാരെയും വലയ്ക്കുന്നു. ആലംകട് മുതൽ തൊട്ടിക്കല്ല് ജംഗ്ഷൻ വരെ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മാത്രമേ ഇതിലൂടെ കടന്നുപോകൂ. റോഡും ഓടയും ഒരുമിച്ചാണ് നിർമ്മിക്കുന്നത്. ഇതാണ് നിർമ്മാണം വൈകാൻ കാരണമെന്നും ആക്ഷേപമുണ്ട്. പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സ്കൂൾ ബസുകൾ വരാത്തതിനാൽ രക്ഷിതാക്കളും ബുദ്ധിമുട്ടുന്നുണ്ട്. അസുഖബാധിതരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു. നിലവിൽ യാത്രക്കാർക്ക് കിലേമീറ്രറോളം ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥയാണ്.
വേനൽ കടുത്തതോടെ പൊടിപടലം കാരണം റോഡിനിരുവശത്തുള്ളവരും യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മഴ തുടങ്ങിയാൽ ഇവിടം ചെളിക്കളമാകും. ആലംകോട്ടു നിന്ന് മണനാക്ക്, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്,വർക്കല എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന റോഡാണിത്. ദേശീയപാതയിൽ ഗതാഗത പ്രശ്നമുണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടുന്ന പാതകൂടിയാണിത്. പണി തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിട്ടും റോഡ് പണി എന്ന് പൂർത്തിയാകും എന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് വ്യക്തമായ ഉത്തരം നൽകാനാകുന്നില്ല. അശാസ്ത്രീയമായ നിർമ്മാണവും ദീർഘവീക്ഷണമില്ലായ്മയും റോഡും ഓടയും ഒന്നിച്ച് നിർമ്മിക്കുന്നതുമാണ് നിർമ്മാണം വൈകാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.
നിർമ്മാണം അന്താരാഷ്ട്ര നിലവാരത്തിൽ
കേരള റോഡ് വികസഫണ്ട് ബോർഡിൽ നിന്ന് 32.98 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കുന്നത്. 8.5 കിലോമീറ്രർ റോഡാണ് പുനർനിർമ്മിക്കുന്നത്. ഓടകൾ ഉൾപ്പെടുത്തിക്കൊണ്ടും കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റിയുമാണ് പുനർനിർമ്മാണം ലക്ഷ്യമിടുന്നത്. നീർവാർച്ചാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നതിനാണ് പദ്ധതി. നാലുവരിപ്പാതയ്ക്ക് സമാനമായ റോഡിന്റെ വീതി കുറച്ചാണ് ഓട നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾക്ക് ബലക്ഷയമുള്ളതായി ആക്ഷേപമുണ്ട്.