mm

വർക്കല: വർക്കലയുടെ സ്വപ്നപദ്ധതിയായിരുന്ന കായൽപ്പുറത്തെ ആയുർവേദ ഗ്ലോബൽ വില്ലേജ് പദ്ധതി എങ്ങുമെത്താതായിട്ട് കാലങ്ങളായി. വർക്കലയെ ആയുർവേദത്തിന്റെ ലോക തലസ്ഥാനമാക്കാനുള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പാതിവഴിയിലായത്. 2012ലെ എമർജിംഗ് കേരളയിലാണ് പദ്ധതിയുടെ ആശയമുണ്ടായത്. ജില്ലയിൽ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത രണ്ട് സ്ഥലങ്ങളിലൊന്നാണ് ഇലകമൺ കായൽപ്പുറം. ടൂറിസത്തിന്റെയും-ആയുർവേദത്തിന്റെയും വിശാല സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു സ്ഥലം സന്ദർശിച്ച വിദഗ്ദ്ധസംഘം അന്ന് സർക്കാരിന് നൽകിയ റിപ്പോർട്ട്. 2013ലാണ് വില്ലേജിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയത്. ഇതേതുടർന്ന് ഭൂമി വിട്ടു നൽകുന്നതിനുള്ള ചില എതിർപ്പുകൾ ഉണ്ടായിരുന്നു. വി. ജോയ് എം.എൽ.എ യുടെ ഇടപെടലുകളെ തുടർന്നാണ് 2019-ൽ 32 അര ഏക്കർ ഭൂമി ഏറ്റെടുത്തത്. പദ്ധതിയുടെ നടത്തിപ്പിനായി 63 അര ഏക്കർ ഭൂമി വേണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാൻ പോലും അധികൃതർ പിന്നീട് ആർജ്ജവം കാട്ടിയില്ല. നിലവിൽ ഏറ്റെടുത്ത 32 അര ഏക്കർ ഭൂമിയിൽ കമ്പിവേലി സ്ഥാപിക്കുകയും കരാറടിസ്ഥാനത്തിൽ ഒരു സുരക്ഷാ ജീവനക്കാരനെ നിയമിക്കുകയും മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്.

ഒരു പതിറ്റാണ്ട് മുൻപ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ (കിൻഫ്ര) മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ആവിഷ്കരിച്ച ആഗോള ആയുർവേദ ഗ്രാമം (ആയുർവേദിക് ഗ്ലോബൽ വില്ലേജ്) പദ്ധതിയാണ് എങ്ങുമെത്താതായത്.

ദേശീയ ഇന്നവേഷൻ കൗൺസിൽ ചെയർമാനായിരുന്ന ഡോ. സാം പിത്രോഡയാണ് ആയുർവേദ ഔഷധഗവേഷണവും രോഗചികിത്സയും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിലാക്കാനും കേരളത്തെ ആയുർവേദത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റാനുമുള്ള ആശയം മുന്നോട്ടുവച്ചത്.

ഏകദേശം മൂന്ന് ഘട്ടങ്ങളിലായി 200 കോടി രൂപയുടെ പദ്ധതി നാലു വർഷത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏകദേശം 750 ഓളം പേർക്ക് പ്രത്യക്ഷമായും ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ സാദ്ധ്യതകൾ ലഭിക്കുമായിരുന്ന പദ്ധതിയെ അധികൃതർ മറന്ന മട്ടാണ്.

പദ്ധതി ഇങ്ങനെ

ആവശ്യമായ ഔഷധ സസ്യങ്ങളുടെ തോട്ടവും കൃഷിയും പരിപാലനവും ആയുർവേദ മരുന്ന് നിർമ്മാണത്തിനായി പ്ലാന്റ് സ്ഥാപിക്കുക. ഔഷധ സസ്യങ്ങളുടെ കൃഷിക്കും പരിപാലനത്തിനും മാത്രമായി സ്ത്രീ കൂട്ടായ്‌മയുടെ സേവനം ഉറപ്പാക്കുക. ട്രീറ്റ്മെന്റ് സെന്റർ, റിസർച്ച് സെന്റർ ഫിനിഷിംഗ് സ്‌കൂൾ, ആയുർവേദ വെൽനസ് സെന്റർ, ഫിസിക്കൽ ഫിറ്റ്നസ് സെന്റർ, യോഗ, മെഡിറ്റേഷൻ കേന്ദ്രം, ടെലി ഹെൽത്ത്, ഡിജിറ്റൽ ലൈബ്രറി, ഇൻകുബേഷൻ സെന്റർ,മ്യൂസിക് തെറാപ്പി, വാട്ടർ സ്പോർട്സ്, നാച്ചുറൽ ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു.