fever

തിരുവനന്തപുരം : ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപന സാദ്ധ്യതയും കഴിഞ്ഞ മേയിൽ നിപ റിപ്പോർട്ട് ചെയ്തതും കണക്കിലെടുത്ത് അഞ്ചു മാസത്തേക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചാകും പ്രവർത്തനം. മൃഗസംരക്ഷണ വകുപ്പിന്റെ പങ്കാളിത്തം ഉറപ്പാക്കും.

കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത തിരുവനന്തപുത്തും എലിപ്പനി എറ്റവും കൂടുതലുണ്ടായ എറണാകുളത്തും കർശന നിരീക്ഷണം ഏർപ്പെടുത്തും. മഴക്കാലപൂർവ രോഗങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജാണ് നിർദ്ദേശം നൽകിയത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കോർപറേഷൻ, മുൻസിപ്പാലിറ്റി മേഖലകളിൽ പ്രത്യേക നിരീക്ഷണ സംവിധാനമൊരുക്കും.

കോഴിക്കോടാണ് കഴിഞ്ഞ വർഷവും നിപ റിപ്പോർട്ട് ചെയ്തത്. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന തോട്ടങ്ങളും നിർമ്മാണ കേന്ദ്രങ്ങളും നിരീക്ഷിക്കും. കൊതുകുകൾ പെരുകാൻ സാദ്ധ്യതയുള്ള വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ, വീട്ടിനകത്തെ ചെടിച്ചട്ടികൾ എന്നിവിടങ്ങളും ശ്രദ്ധിക്കണം.

മുന്നൊരുക്കങ്ങൾ
 എല്ലാ ആഴ്ചയും ഐ.ഡി.എസ്.പി ചേർന്ന് സ്ഥിതി വിലയിരുത്തും

 മലേറിയ, ലെപ്രസി, മന്ത് രോഗനിർമാർജനം ഊർജിതമാക്കും

 പ്രാദേശിക തലത്തിൽ മലേറിയ മൈക്രോസ്‌കോപ്പി പരിശീലനം

 ആദിവാസി മേഖലകളിൽ കാലാആസാർ (ബ്ളാക് ഫീവർ) പ്രതിരോധം

 മലിനജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനി പ്രതിരോധ ഗുളിക

'പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് പ്രവർത്തനം തുടങ്ങും. പകർച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തും.'

-വീണാ ജോർജ്

ആരോഗ്യമന്ത്രി