തിരുവനന്തപുരം: പുതുവത്സരത്തലേന്ന് പരസ്യമായി മദ്യപിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. യുവാക്കളുടെ ശരീരത്തിൽ കണ്ട മർദ്ദനത്തിന്റെ പാടുകൾ പൊലീസ് സ്റ്റേഷനിൽ നിന്ന് സംഭവിച്ചതല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ ഉന്നതതല അന്വേഷണത്തിനാണ് കമ്മിഷൻ ഉത്തരവിട്ടത്.
ആറ്റിങ്ങൽ സബ് ഡിവിഷന്റെ പരിധിയിൽവരാത്ത ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. ചിറയിൻകീഴ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറും സീനിയർ സിവിൽ പൊലീസ് ഓഫീസറും ചേർന്ന് മർദ്ദിച്ചെന്ന വക്കം വെളിവിളാകം സ്വദേശി ശബരിയുടെ പരാതിയിലാണ് നടപടി. 2019 ഡിസംബർ 31നായിരുന്നു സംഭവം.
പുതുവത്സരത്തലേന്ന് വീട്ടിലേക്ക് പോകുമ്പോൾ 15പേർ ചേർന്ന് തന്നെയും സുഹൃത്തുക്കളെയും വയലിക്കടക്ക് സമീപത്തുവച്ച് മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ പരസ്യമായി മദ്യപിച്ചതിനാണ് പരാതിക്കാരനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതെന്നും സ്റ്റേഷനിലെത്തുമ്പോൾ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുണ്ടായിരുന്നെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ എവിടെ നിന്നാണ് മർദ്ദനമേറ്റെന്ന സംശയമുണ്ടാകുമായിരുന്നില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. പുതിയ അന്വേഷണത്തിൽ എല്ലാ കക്ഷികളുടെയും മൊഴിയെടുക്കണമെന്നും രേഖകൾ പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.