
കല്ലമ്പലം: ദുരിതക്കയത്തിൽ നിന്ന് കരകയറാനാകാതെ 11 അംഗ നിർദ്ധന കുടുംബം സഹായം തേടുന്നു. കപ്പാംവിള മുട്ടിയറ കാരയ്ക്കാ കുന്നിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ രാജു (65) വും കുടുംബവുമാണ് ചികിത്സയ്ക്കും ഭക്ഷണത്തിനും വകയില്ലാതെ കഷ്ടപ്പെടുന്നത്. അന്നനാളത്തിൽ കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ് രാജു. ട്യൂബ് വഴി ദ്രവ രൂപത്തിൽ നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിറുത്തുന്നത്. ഭാര്യ ശാന്ത (63)യും വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിലാണ്. രണ്ടു മക്കളാണിവർക്ക്. ലിജി (38)യും ലൈജു (35)വും. ലിജിയുടെ ഭർത്താവ് ക്രിസ്തുദാസ് വാൽവിന് തകരാറുമൂലം 2 വർഷം മുൻപ് മരിച്ചു. മൂന്ന് മക്കളാണ് ലിജിയ്ക്ക്. ദിലാൽ (17), മൗല (15), ജീന (13).
മകൻ ലൈജു ടാപ്പിംഗ് തൊഴിലാളിയാണ്. അടുത്തിടെ ബൈക്കിൽ സഞ്ചരിക്കവേ റോഡിലെ മെറ്റൽ കൂനയിൽ ഇടിച്ച് ബൈക്കിൽനിന്ന് വീണ് വലത് കൈ ഒടിഞ്ഞിരുന്നു. ഇയാളുടെ ഭാര്യ സുനിത (30). ഇവരാണ് അസുഖക്കാരെയും കുട്ടികളെയും നോക്കുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ആൽഫി (9), അഥിൻ (7), അലീക്ക (5 ). രണ്ടു മുറികൾ മാത്രമുള്ള ഓടിട്ട വാടക വീട്ടിലാണ് പ്രാരാബ്ദങ്ങൾക്ക് നടുവിൽ ഈ കുടുംബം കഴിയുന്നത്. മാസം 2000 രൂപയാണ് വീട്ടുവാടക. സ്വന്തമായി ഒരു സെന്റ് ഭൂമിയോ വീടോ ഇവർക്കില്ല. ചികിത്സയ്ക്കും ഭക്ഷണത്തിനും പഠനത്തിനും അടച്ചുറപ്പുള്ള ഒരു വീടിനുമായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഇന്ത്യൻ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിൽ ലിജിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ലിജി.ആർ, അക്കൗണ്ട് നമ്പർ: 6907699040. IFSC: IDIB000A034. ഫോൺ:7034535075.