
തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമ്മലാനന്ദൻ നായരിൽ നിന്ന് ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏറ്റുവാങ്ങി. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എസ്. സജീവ്, അനിൽകുമാർ ഡി.എസ്, ഹരി കെ. മേനോൻ, സ്‌റ്റോർ കീപ്പർ കൃഷ്‌ണപ്രസാദ്, വീവിംഗ് അസിസ്‌റ്റന്റുമാരായ ജോസ് വർഗീസ്, കിഷോർ തുടങ്ങിയവർ പങ്കെടുത്തു. നാളെ രാവിലെ പെരിയനമ്പിയും പഞ്ചഗവ്യത്ത് നമ്പിയും ചേർന്ന് പൂജിച്ച കൊടിയും കൊടിക്കയറും ക്ഷേത്ര തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന് കൈമാറും. തുടർന്ന് 9നും 9.56നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ധ്വജാരോഹണം നടക്കും. പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കൊടിക്കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ പിരിച്ചെടുക്കുന്നത്.