തിരുവനന്തപുരം: മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിൽമ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ പട്ടത്തു നിന്ന് ആരംഭിച്ച മാർച്ച് ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.

തുടർന്ന് സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ അക്രമാസക്തരായതിനെ തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം,​ യൂത്ത് കോൺഗ്രസ് അരുവിക്കര അസംബ്ലി പ്രസിഡന്റ് രാഹുൽ .എസ്.കെ എന്നിവരുടെ തലയ്‌ക്ക് പരിക്കേറ്റു. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ഗൗതം, അസംബ്ലി ഭാരവാഹികളായ സജു അമർദാസ്, ജോൺ എന്നിവർക്കും പരിക്കേറ്റു. പ്രവർത്തകരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ അദ്ധ്യക്ഷതയിൽ എം. വിൻസെന്റ് എം.എൽ.എ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, എസ്.എം. ബാലു, ആനാട് ജയൻ, ആർ. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജെ.എസ്. അഖിൽ, ശരത് എ.ജി, അനീഷ് കാട്ടാക്കട, ടി.ആർ. രാജേഷ്, അജയ് കുര്യാത്തി, ഷാജി മലയിൻകീഴ്, അഫ്സൽ, മാഹീൻ പഴഞ്ചിറ, അബീഷ്. എസ്, പദ്മേഷ് തുടങ്ങിയർ നേതൃത്വം നൽകി.