apr04b

ആറ്റിങ്ങൽ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ ഉദ്പാദന സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വിദ്യാലയങ്ങളിൽ സ്കിൽ വളർത്താൻ ഉതകുന്നതാണ് ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന ഇൻഡസ്ട്രി ഓൺ കാമ്പസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 41 ഗവൺമെന്റ് പോളി ടെക്നിക്കുകളിലൂടെ ആറരകോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ഇതിലൂടെ അഞ്ചു വർഷംകൊണ്ട് 80 ലക്ഷം തൊഴിൽ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മണ്ഡലത്തിലും സ്കിൽ പാർക്കുകൾ സ്ഥാപിക്കും. കോഴ്സ് കഴിഞ്ഞ ഉടൻ ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കും. ഇന്റേൺഷിപ്പിന്റെ ഭാഗമായി തൊഴിലെടുക്കുന്നവർക്ക് 5000 രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത്രയും തുകയെങ്കിലും തൊഴിൽ സ്ഥാപനങ്ങളും നൽകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ, ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, അസാപ്പ് കേരളയുടെ മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, പ്രിൻസിപ്പൽ ഷാജിൽ ആന്ത്രു എന്നിവർ സംസാരിച്ചു.