intuc

തിരുവനന്തപുരം: കോൺഗ്രസിൽ ഒരാഴ്ചയായി അലോസരമുണ്ടാക്കിക്കൊണ്ടിരിക്കുന്ന വി.ഡി. സതീശൻ - ഐ.എൻ.ടി.യു.സി പോരിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഇടപെടലോടെ സമവായമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരുമിച്ചിരുന്നു നടത്തിയ ചർച്ചയിലായിരുന്നു ഒത്തുതീർപ്പ്.

പേട്ടയിലെ സുധാകരന്റെ വസതിയിൽ ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു ചർച്ച. അതിനുമുമ്പ് ചന്ദ്രശേഖരനുമായി സുധാകരൻ വിശദമായി സംസാരിച്ചിരുന്നു. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും പ്രതിഷേധ പ്രകടനം നടത്തിയ ഐ.എൻ.ടി.യു.സി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാനും സുധാകരൻ നിർദ്ദേശിച്ചു. ട്രേഡ് യൂണിയൻ സംഘടനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ.എൻ.ടി.യു.സി എന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ സ്വന്തം സംഘടനയാണ്. അതില്ലാതെ കേരളത്തിൽ കോൺഗ്രസിന് നിലനില്പില്ല. വി.ഡി. സതീശൻ ഐ.എൻ.ടി.യു.സിയെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള പ്രചാരണം മാദ്ധ്യമസൃഷ്ടിയാണ്. കെ.പി.സി.സി നേതൃത്വത്തിൽ ഐ.എൻ.ടി.യു.സിക്ക് അർഹമായ പ്രാതിനിധ്യം നൽകും. സതീശനെതിരെ പ്രകടനം നടത്തിയവർക്കെതിരെ ഐ.എൻ.ടി.യു.സി നേതൃത്വം നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
ചർച്ചയിൽ പൂർണതൃപ്തനാണെന്നും സംഘടനയ്ക്ക് ഇത്രയും വലിയ പിന്തുണ വേറൊരു കെ.പി.സി.സി പ്രസിഡന്റും ഇന്നേവരെ നൽകിയിട്ടില്ലെന്നും ചന്ദ്രശേഖരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സതീശനെതിരെ ഐ.എൻ.ടി.യു.സി പ്രവർത്തക‌ർ പ്രകടനം നടത്തിയതിനെപ്പറ്റി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുപിന്നിൽ രമേശ് ചെന്നിത്തലയുടെ ആസൂത്രണമുണ്ടെന്നാണ് സതീശൻ അനുകൂലികൾ കരുതുന്നത്. കെ.സുധാകരന് ഇക്കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.